ജയ് ശ്രീരാമെന്ന് പറയാത്തതിന് ഇസ്ലാം മതവിശ്വാസിക്ക് ക്രൂരമര്‍ദ്ദനം

സംഘ പരിവാറിന്റെ ക്രൂരത വീണ്ടും .രാജസ്ഥാനില്‍ 45 കാരനായ ഇസ്ലാം മതവിശ്വാസിയെ യുവാവ് മര്‍ദ്ദിക്കുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയ് ശ്രീരാമെന്ന് പറയാത്ത മധ്യവയസ്‌കനെ വിനയ് മീനയെന്ന 18 കാരനാണ് ക്രുരമായി മര്‍ദ്ദിച്ചത്. 25 ലേറെ തവണ മധ്യ വയസ്‌കനെ മര്‍ദ്ദിക്കുന്ന വീഡിയോ ഇയ്യാള്‍ തന്നെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

രാജസ്ഥാനിലെ സിറോഷി ജില്ലയിലാണ് സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
3 മിനിട്ടും 41 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 25ലേറെ തവണ വിനയ് മീന മര്‍ദ്ദിക്കുന്നത് കാണാം. ജയ് ശ്രീരാമെന്ന് പറഞ്ഞേ തീരൂ എന്നാണ് അക്രമി അവശ്യപ്പെടുന്നത്.

താടിയില്‍ പിടിച്ചുവലിച്ച് നിരവധി തവണ മുഖത്ത് ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദനമേറ്റപ്പോള്‍ ദൈവം സര്‍വശക്തനാണെന്ന് മധ്യവയസ്‌കന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസാണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നതെന്ന് വിനയ് മീന ചോദിക്കുന്നതും വീഡിയോയിലുണ്ട്.

ക്രൂരമര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രദേശത്തെ മുസ്ലീങ്ങള്‍ വിനയ് മീനക്കെതിരെ അബു റോഡ് സിറ്റി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, ബോധപൂര്‍വ്വം പരിക്കേല്‍പ്പിച്ചു, സമാധാനാന്തരീക്ഷം തകര്‍ത്തു തുടങ്ങിയ കുറ്റങ്ങളാണ് ഇയ്യാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ വസുന്ധര രാജെയാണ് മുഖ്യമന്ത്രി.

error: Content is protected !!