‘വെറുപ്പ് രാഷ്ട്രീയം’ രാജ്യത്തെ പൊള്ളിക്കുന്നു; രാഹുല്‍ ഗാന്ധി

‘പത്മാവത്’ സിനിമ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെ വിദ്വേഷത്തിന്റെയും അക്രമണത്തിന്റെയും രാഷ്ട്രീയം രാജ്യത്തെ പൊള്ളിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലുടെയാണ് രാഹുലിന്റെ വിമര്‍ശനം.

‘കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. അക്രമവും വെറുപ്പും ദുര്‍ബലരുടെ ആയുധങ്ങളാണ്. ഇതു രണ്ടും ഉപയോഗപ്പെടുത്തുന്ന ബിജെപിയുടെ രാഷ്ട്രീയം രാജ്യത്തെ തീയില്‍ പൊള്ളിക്കുകയാണ്’- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സിനിമയ്‌ക്കെതിരായി രാജസ്ഥാന്‍, ഹരിയാന, യുപി, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയാണു രാഹുലിന്റെ വിമര്‍ശനം.

ഗുഢ്ഗാവില്‍ ജിഡി ഗോയങ്കെ വേള്‍ഡ് സ്‌കൂള്‍ ബസിനു നേരെ കഴിഞ്ഞ ദിവസം ‘പത്മാവത്’ സിനിമാവിരുദ്ധര്‍ ആക്രമണം നടത്തിയിരുന്നു. സ്‌കൂള്‍ ബസിലേക്കു കല്ലെറിഞ്ഞ അക്രമികള്‍, ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പേടിച്ചരണ്ട വിദ്യാര്‍ഥികള്‍ അലറിക്കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് രാഹുല്‍ രംഗത്തെത്തിയത്.

error: Content is protected !!