എതിര്‍ ചേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യെച്ചൂരി

വിവാദവും പോരും കനക്കുന്നതിനിടെ കോണ്‍ഗ്രസ്‌ സഖ്യത്തില്‍ തന്നെ എതിര്‍ക്കുന്നവര്‍ക്ക് മറുപടിയുമായി
സിതാറാം യെച്ചൂരി. തന്നെ കോണ്‍ഗ്രസ് അനുകൂലി എന്ന് മുദ്രകുത്തിയാല്‍ മറ്റുള്ളവര്‍ ബിജെപി അനുകൂലികളാണെന്ന ആരോപണം തനിക്കും ഉന്നയിക്കാമെന്ന് യെച്ചൂരി. പ്രമുഖ ഇന്ത്യന്‍ ദിനപത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരി പാര്‍ട്ടിയിലെ എതിര്‍ ചേരിക്കെതിരെ ആഞ്ഞടിച്ചത്. താന്‍ കോണ്‍ഗ്രസ് അനുകൂലിയോ, ബിജെപി അനുകൂലിയോ അല്ല. ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും വേണ്ടി വാദിക്കുന്ന ആളാണെന്നും യെച്ചൂരി പറഞ്ഞു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കുന്നതിനായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് സിപിഎം ദേശീയ നേതൃത്വത്തില്‍ ഉണ്ടായ ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ് പാര്‍ട്ടിയിലെ എതിര്‍ വിഭാഗങ്ങള്‍ക്കെതിരെയുള്ള യെച്ചൂരിയുടെവിമര്‍ശനം.

‘സാഹചര്യങ്ങള്‍ വിലയിരുത്തി മാറാന്‍ കഴിയാത്തവര്‍ മാര്‍ക്സിസ്റ്റ് അല്ല. മാര്‍ക്സിസം സൃഷ്ടിപരമായ ശാസ്ത്രമാണ്. ഓരോ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിലയിരുത്തല്‍ നടത്തുന്നതാണ് മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വം. സാഹചര്യങ്ങള്‍ മാറുന്നതിന് അനുസരിച്ച് വിലയിരുത്തലും മാറും. താന്‍ കോണ്‍ഗ്രസ് അനുകൂലിയോ, ബിജെപി അനുകൂലിയോ അല്ല. ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും വേണ്ടി വാദിക്കുന്ന ആളാണ്. തന്നെ കോണ്‍ഗ്രസ് അനുകൂലി എന്ന് മുദ്രകുത്തിയാല്‍, മറ്റുള്ളവര്‍ക്കെതിരെ ബിജെപി അനുകൂലികള്‍ എന്ന പ്രത്യാരോപണം തനിക്ക് ഉന്നയിക്കാമെന്നും യെച്ചൂരി അഭിമുഖത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ധാരണയെ സംബന്ധിച്ച തന്റെ നിലപാടിന് ഭൂരിപക്ഷ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പദവി ഒഴിയാം എന്ന് പൊളിറ്റ് ബ്യൂറോയെയും കേന്ദ്രകമ്മറ്റിയെയും അറിയിച്ചിരുന്നു. എന്നാല്‍ പൊളിറ്റ് ബ്യൂറോ ഒറ്റക്കെട്ടായി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ ഒഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പ് ആണെന്ന പ്രതീതി ഉണ്ടാകും. പ്രത്യേകിച്ച് ത്രിപുര തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തുടരണം എന്ന് പിബി ആവശ്യപ്പെടുകയായിരുന്നു എന്നും യെച്ചൂരി വെളിപ്പെടുത്തി.

error: Content is protected !!