പൊലീസ് സ്റ്റേഷന്‍ ഭരണം ഇനി സിഐമാര്‍ക്ക്

ഇന്ന് മുതല്‍ സംസ്ഥാനത്ത് സര്‍ക്കിള്‍ സ്റ്റേഷനുകളില്ല. പൊലീസ് സ്റ്റേഷന്‍ ഭരണം ഇനി എസ്‌ഐമാര്‍ക്ക് പകരം സിഐമാര്‍ക്കാണ്. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് സംസ്ഥാനത്തെ പൊലീസ് ചരിത്രത്തിലെ അതിപ്രധാനമായ തീരുമാനം നടപ്പിലാക്കുന്നത്.

സ്റ്റേഷന്‍ ഭരണം കാര്യക്ഷമമാക്കാന്‍ ചുമതല എസ്‌ഐമാരില്‍ നിന്നും സിഐമാര്‍ക്ക് നല്‍കണമെന്ന് ചര്‍ച്ച തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രണ്ടും മൂന്നും സ്റ്റേഷനുകളുടെ ചുമതല വഹിച്ചിരുന്ന സിഐമാരെ ഒരു സ്റ്റേഷന്‍ ചുമതലയിലേക്ക് മാറ്റുന്നതിനെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശക്തമായി എതിര്‍ത്തിരുന്നു. പക്ഷെ മുഖ്യമന്ത്രിതന്നെ നേരിട്ട് ഇടെപട്ട് പദ്ധതി നടപ്പാത്താന്‍ ഉത്തരവിറക്കി.

ഇന്ന് മുതല്‍ 203 സ്റ്റേഷനുകളുടെ ഭരണം സിഐമാര്‍ക്കാവും. അതായത് പൊലീസ് സ്റ്റേഷനും ഡിവൈഎസ്പി ഓഫീസിനുമിടയിലുള്ള സര്‍ക്കിള്‍ ഓഫീസുകള്‍ ഇല്ലാതാവുകയാണ്. ബാക്കിവരുന്ന 268 സ്റ്റേഷനുകളില്‍ രണ്ടാം ഘട്ടത്തിലാകും സിഐമാരെ നിയമിക്കുക. എസ്‌ഐമാര്‍ക്ക് സ്ഥാനകയറ്റം നല്‍കി ഉടന്‍ ഈ സ്റ്റേഷനുകളില്‍ നിയമനം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

അതുവരെ ഈ സ്റ്റേഷനുകളുടെ നിയന്ത്രണം അതത് സബ് ഡിവിഷനിലെ ഡിവൈഎസ്പിമാര്‍ക്കാവും. ഈ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പോക്‌സോ, കൊലപാതകം, ബലാല്‍സംഗം കേസുകള്‍ ഡിവൈഎസ്പി അന്വേഷിക്കണമെന്ന് ഡിജിപി സര്‍ക്കുലര്‍ ഇറക്കി. സിഐമാര്‍ക്ക് കീഴില്‍ വരുന്ന എസ്‌ഐമാര്‍ക്ക് കുറ്റാന്വേഷണം ക്രമസമാധാനം, ട്രാഫിക് എന്നിങ്ങനെ വിഭജിച്ചു നല്‍കി സ്റ്റേഷന്‍ ഭരണ കാര്യക്ഷമാക്കാനാണ് തീരുമാനം.

error: Content is protected !!