റിപ്പബ്ലിക്ക് ദിനത്തിലും മോഹൻ ഭാഗവത് കേരളത്തിൽ ദേശീയ പതാക ഉയർത്തും

സ്വാതന്ത്ര്യ ദിനത്തിനു പിന്നാലെ റിപ്പബ്ലിക് ദിനത്തിലും മോഹന്‍ ഭാഗവത് പാലക്കാട് ദേശീയ പതാക ഉയർത്തും. ഏറെ വിവാദങ്ങൾക്ക് വഴിവെച്ച പാലക്കാട്ടെ ഒരു എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിന് തൊട്ടുപിന്നാലെയാണിത്.

ഇത്തവണയും പാലക്കാട്ടെ ഒരു സ്‌കൂളിലാവും ഭാഗവത് ദേശീയപതാക ഉയര്‍ത്തുക. മൂന്നുദിവസത്തെ ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുക്കാനായി മോഹന്‍ ഭാഗവത് ആ സമയത്ത് പാലക്കാട്ടുണ്ടാകും. ക്യാമ്പ് നടക്കുന്ന സ്‌കൂളില്‍ ഭാഗവത് പതാക ഉയര്‍ത്തും.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും എവിടെയാണോ ആര്‍.എസ്.എസ്. അധ്യക്ഷനുള്ളത് ആ സ്ഥലങ്ങളില്‍ അദ്ദേഹം ദേശീയപതാക ഉയര്‍ത്തുക പതിവാണെന്നും ഇത്തവണയും ആ രീതി പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും ആര്‍.എസ്.എസ്. വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കുറി പാലക്കാട്ട് മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന ആര്‍.എസ്.എസ് ക്യാമ്പ് നടക്കുന്നത് ആര്‍.എസ്.എസ്. ബന്ധമുള്ള ഭാരതീയ വിദ്യാനികേതന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ്.

സര്‍ക്കാര്‍ നിയന്ത്രണത്തിലോ ധനസഹായത്തിലോ പ്രവര്‍ത്തിക്കുന്നതല്ലാത്ത സ്ഥാപനമായതിനാല്‍ സംസ്ഥാനസര്‍ക്കാരിന് ഇവര്‍ക്കെതിരേ നടപടിയെടുക്കാനാവില്ല എന്നതും ശ്രദ്ധേയമാണ്.

error: Content is protected !!