മഹേഷിന്‍റെ പ്രതികാരം:ഒരു മ്യൂസിക്കൽ വേർഷൻ

നിഖില്‍ മലപ്പട്ടം,
ന്യൂസ്‌ വിങ്ങ്സ്.

തോറ്റുപോയവന്‍റെ മനസ്സിൽ കിടന്നു പുകയുന്ന പകയും ഒടുക്കം തോൽവിക്കുള്ള പ്രതികാരവും അവതരിപ്പിച്ചു കയ്യടി നേടിയ മഹേഷിന്‍റെ പ്രതികാരം എന്ന സിനിമ മലയാളിക്ക് പരിചയമുള്ളതാണ്.
ഇവിടെ മറ്റൊരു മഹേഷിന്‍റെ പ്രതികാരകഥയാണ് ഞങ്ങൾ പറയുന്നത്. മഹേഷ്‌ ഭാവനയ്‌ക്ക് പകരം നായകനെ മഹേഷ്‌ തബല എന്ന് വിളിക്കാം. പ്രകാശ് എന്നതിന് പകരം കഥ നടക്കുന്ന സ്ഥലത്തെ മലപ്പട്ടം എന്നും വിളിക്കുന്നു.

മഹേഷിന്‍റെ തോൽവി ജീവിതത്തോടായിരുന്നു. കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ ജിൻസനെ പോലെ മഹേഷിനെ ഒന്ന് തോൽപിച്ചു. അച്ഛൻ നാട്ടുകാരുടെ ഇലക്ട്രിസിറ്റി ബില്ല് ശേഖരിച്ചു ഇലക്ട്രിസിറ്റി ഓഫീസിൽ അടച്ചു കിട്ടുന്ന വരുമാനം ആയിരുന്നു ആ കുടുംബത്തിന്‍റെ ആശ്രയം. തോറ്റുപോയപ്പോൾ മഹേഷിനു പ്രതികാരമായി. ജീവിതത്തോട്. പരാധീനതകൾക്കിടയിൽ കൂട്ടിനുണ്ടായിരുന്നത് ജന്മസിദ്ധമായ കഴിവുകൾ.

സംഗീതം മഹേഷിന്‍റെ കൂടെപ്പിറപ്പായിരുന്നു. തബല വാദനത്തിൽ കഴിവ് തെളിയിച്ച മഹേഷ്‌ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അടക്കം വിജയി ആയിട്ടുണ്ട്. പിന്നീട് വേദികളിൽ മഹേഷ്‌ തബലയിൽ അത്ഭുതം തീർത്തു. കലാജാഥകളിലും പൊതുപരിപാടികളിലും മഹേഷ്‌മലപ്പട്ടത്തിന്റെ തബല അവിഭാജ്യ ഘടകമായി മാറി.
കലാഞ്ജലി എന്ന നൃത്ത-സംഗീത വിദ്യാലയം നടത്തിപ്പുകാരനായും ഇടയ്ക്ക് മഹേഷ്‌ വേഷമിട്ടു.

നിയോഗം മാറ്റിമറിച്ചു കൊണ്ട് ഇൻഫന്ററി ബറ്റാലിയനിൽ ജോലി ലഭിച്ച മഹേഷിനു മുന്നിൽ സംഗീതം വീണ്ടും അതിജീവനത്തിന്‍റെ വാതിൽ തുറന്നു. ഇൻഫന്റ്റി ബറ്റാലിയൻ മ്യൂസിക് ട്രൂപ്പിൽ അംഗമായ മഹേഷ്‌ ഇന്ന് അഭിമാനകരമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ച് നടന്ന ബീറ്റിങ് ദി റിട്രീറ്റ് പരിപാടിയിൽ ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി തുടങ്ങിയവർക്ക് മുന്നിൽ തബല വാദനം നടത്താൻ മഹേഷിനു അവസരം ലഭിച്ചു.

അങ്ങനെ പുഞ്ചിരിയോടെ മഹേഷ്‌ ആ പ്രതികാരം പൂർത്തിയാക്കുന്നു. അവഗണിച്ചവരെക്കുറിച്ചും പുച്ഛിച്ചു തള്ളിയവരെക്കുറിച്ചും ചോദിച്ചാൽ മഹേഷ്‌ നൈസായിട്ട് ഒഴിവാകും. കാരണം മഹേഷിന് അന്നേ ഉറപ്പുണ്ടായിരുന്നു അവസരം തന്നെ തേടി എത്തുമെന്ന്. സ്വന്തം നാടും നാട്ടുകാരും മഹേഷ്‌ മലപ്പട്ടത്തിന്റെ നേട്ടത്തിൽ ഇന്ന് അഭിമാനം കൊള്ളുമ്പോൾ തന്റെ അച്ഛന്റെ ഓർമകൾക്ക് മുന്നിൽ എല്ലാം സമർപ്പിക്കുകയാണ് അദ്ദേഹം.

error: Content is protected !!