മിന്നല്‍ പ്രശ്നം മുഖ്യന് മുന്നില്‍

രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ‘മിന്നല്‍’ ബസ് സര്‍വീസിലെ ജീവനക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കെ.എസ്.ആര്‍.ടി.സിയിലെ എല്ലാ വിഭാഗം സംഘടനകളുടെയും തീരുമാന പ്രകാരമാണ് ജീവനക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തയച്ചത്. കോര്‍പറേഷന്‍ എംഡി പുറപ്പെടുവിച്ച് ഉത്തരവ് അതേ പടി നടപ്പിലാക്കിയ നിയമം തങ്ങളെ കുറ്റക്കാരാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ ‘മിന്നല്‍’ സര്‍വ്വീസ് ബഹിഷ്‌ക്കരിക്കുമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു.

കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവര്‍ നൗഷാദിനും കണ്ടക്ടര്‍ അജീഷിനുമെതിരെയാണ് കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തത്. യാത്രക്കാരിയായ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. എന്നാല്‍ തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ പയ്യോളിയില്‍ സ്റ്റോപ്പില്ലെന്ന കാര്യം കോഴിക്കോട് സ്റ്റാന്റ് കഴിഞ്ഞ ശേഷമാണ് ജീവനക്കാര്‍ അറിയിച്ചതെന്നാണ് പെണ്‍കുട്ടിയുടെ വാദം. രാത്രിയാണെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റോപ്പുകളിലല്ലാതെ മിന്നല്‍ ബസ് നിര്‍ത്തരുതെന്നാണ് ചട്ടം. ഇത് പാലിച്ച തങ്ങളെ കുറ്റക്കാരാക്കിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം.

സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.’മിന്നല്‍’ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഓപ്പറേഷന്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ ജീവനക്കാരെ അനുകൂലിച്ച് ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും രംഗത്തെത്തിയിരുന്നു. രാത്രി കാലങ്ങളില്‍ സര്‍വീസ് നടത്തുന്ന ‘മിന്നലി’ന് നിര്‍ദിഷ്ട സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തിയാല്‍ മതിയെന്നാണ് നിയമം.

ഇതു ജീവനക്കാര്‍ തെറ്റിച്ചില്ലെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി. ബസിലെ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തതിനെതിരെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കേസ് നിയമപരമായി തന്നെ നേരിടാനാണ് കോര്‍പറേഷന്റെയും നീക്കം. സൂപ്പര്‍ ക്ലാസ് സര്‍വീസായ ‘മിന്നല്‍’ മനുഷ്യത്വം നോക്കിയാല്‍ കൃത്യസമയത്ത് ഓടി എത്തില്ലന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പക്ഷം.

error: Content is protected !!