കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പൊട്ടിത്തെറി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കേ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പൊട്ടിത്തെറി. കേരളാ കോണ്‍ഗ്രസിന്റെ മുഖ പത്രമായ ”പ്രതിച്ഛായ’യില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി എഴുതിയ ലേഖനമാണ് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ലേഖനത്തില്‍ കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസിനെയും ബിജെപിയേയും മാണി വിമര്‍ശിച്ചത്.

എന്നാല്‍ കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ എല്ലാം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് തള്ളി. യു.പി.എ ഭരണകാലത്താണ് രാജ്യത്ത് കര്‍ഷക വിരുദ്ധ നടപടികളുണ്ടായതെന്നുള്ള മാണിയുടെ വിമര്‍ശനങ്ങളാണ് അദേഹം പൂര്‍ണമായും തള്ളിയത്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ കര്‍ഷക വിരുദ്ധ നിലപാട് ഇല്ല. കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ നിലപാട്എടുത്തപ്പോഴൊക്കെ തങ്ങള്‍ അത് തിരുത്തിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ചതിനു ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്നാല്‍ പിജെ ജോസഫിന്റെ നിലപാടിനെ തള്ളി മാണിയുടെ മകനും എംപിയുമായി ജോസ് കെ. മാണി രംഗത്ത് എത്തിയിട്ടുണ്ട്.

പ്രതിച്ഛായയിലെ ലേഖനത്തിലൂടെ കെഎം മാണി വ്യക്തമാക്കിയിരിക്കുന്നത് രാഷ്ട്രീയനിലപാടാണ്. മാണിയുടെ ലേഖനം ഏതെങ്കിലും പാര്‍ട്ടിക്ക് എതിരല്ലെന്നും രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയാണ് പാര്‍ട്ടി ചെയര്‍മാന്‍ ചെയ്തതെന്നും ജോസ് കെ മാണി പറഞ്ഞു.കോണ്‍ഗ്രസില്‍ നിന്നും പലപ്പോഴും നീതികിട്ടിയിട്ടില്ലെന്ന് അദേഹം കോട്ടയത്ത് പറഞ്ഞു.

നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ് -എം നടത്തിയ നീക്കം പരസ്യമായി ജോസഫ് തള്ളിപറഞ്ഞിരുന്നു. പ്രാദേശിക തലത്തില്‍ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനെതിരെയാണ് ഇപ്പോള്‍ മാണി രംഗത്ത് വന്നിരിക്കുന്നതെന്ന് പിജെ ജോസഫ് വിഭാഗം ആരോപിക്കുന്നു.

error: Content is protected !!