മാണിയെ തോണ്ടി കാനം

ഇടതുമുന്നണിയിലേക്കുള്ള കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടെ നീക്കത്തെ ശക്തമായി എതിര്‍ത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്ത്യകൂദാശ അടുത്ത് വരുന്ന പാര്‍ട്ടികള്‍ക്ക് വെന്റിലേറ്റര്‍ ആകേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലെന്നും അദ്ദേഹം മുന്നണിയില്‍ പുതിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ട ബലഹീനത ഇല്ലെന്നും കാനം പറഞ്ഞു. ഇപ്പോള്‍ തന്നെ ഇടതുമുന്നണിക്ക് നല്ല ഭൂരിപക്ഷം ഉണ്ട്. മുന്നണി വിട്ടവര്‍ക്ക് തിരിച്ച് വരാം, പക്ഷെ അല്ലാത്തവരെ കുറിച്ച് ചര്‍ച്ചയില്ലെന്നും കാനം പറഞ്ഞു.

ആര്‍.ബി.ഐക്ക് ഉള്ളതുപോലെ നോട്ടെണ്ണല്‍ യന്ത്രം മാണിക്കുമുണ്ട്. ആര്‍.ബി.ഐയുടെ ചെറിയ ബ്രാഞ്ചാണോ മാണിക്കുള്ളത്? ആര്‍.ബി.ഐക്ക് 66 നോട്ടെണ്ണല്‍ യന്ത്രമാണുള്ളത്. മാണിയുടെ വീട്ടില്‍ ഒരെണ്ണവുമുണ്ടെന്നും കാനം പരിഹസിച്ചു.

അതേസമയം കെ.എം. മാണിയെ തിരികെ യു.ഡി.എഫില്‍ തിരികെ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. മാണിയുമായി യുഡിഎഫ് അനുരഞ്ജന ചര്‍ച്ച നടത്തും. ചര്‍ച്ച നടത്താന്‍ ഉമ്മന്‍ ചാണ്ടി കുഞ്ഞാലിക്കുട്ടി എന്നിവരെ ചുമതലപ്പെടുത്തി. കോട്ടയം സീറ്റില്‍ കോണഗ്രസ് കാലുവാരുമെന്ന് മാണിക്ക് ആശങ്കയുണ്ട്. ഇതിന് പകരം ഒരു തവണത്തേക്ക് വയനാട് ലോക്സഭാ സീറ്റ് വെച്ച് മാറണമെന്നാണ് മാണി വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ യു.ഡി.എഫുമായി ചര്‍ച്ചകള്‍ നടത്തിയില്ലെന്നാണ് കേരള കോണ്‍ഗ്രസ് (എം) നേതൃത്വം വ്യക്തമാക്കുന്നത്.

ഇന്നത്തെ സാഹചര്യത്തില്‍ ഈ വോട്ട് ഇരുമുന്നണിക്കും നിര്‍ണായകമാണ്. ഈ തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിച്ച് പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിച്ചില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണു മാണിയുമായി ബന്ധപ്പെട്ടവരുടെ ആശങ്ക. നല്ല പരിഗണന ലഭിച്ചാല്‍ ഇടതുമുന്നണിയിലേക്കു ചേക്കേറും. ജോസഫും കൂട്ടരും പ്രതിഷേധമുയര്‍ത്തിയാലും എം.എല്‍.എ. സ്ഥാനം നഷ്ടപ്പെടുത്തി മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ അവര്‍ തയാറാകാന്‍ സാധ്യതയില്ലെന്നും വിലയിരുത്തലുണ്ട്. ഇടതുമുന്നണി അയഞ്ഞ സമീപനം തുടരുകയാണെങ്കില്‍ യു.ഡി.എഫിലേക്ക് മടങ്ങാനും മാണി നിര്‍ബന്ധിതനാകുമെന്നും സൂചനയുണ്ട്. എന്നാല്‍ യുഡിഎഫിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് മാണി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

error: Content is protected !!