കെ എം മാണിയെ തിരിച്ചു വിളിക്കാന്‍ കോണ്‍ഗ്രസ്‌

ബാര്‍കോഴക്കേസില്‍ കെ.എം. മാണിക്കെതിരേ തെളിവില്ലെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ചതോടെ കെ.എം. മാണിയെ തിരികെ യു.ഡി.എഫില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. മാണിയുമായി യുഡിഎഫ് അനുരഞ്ജന ചര്‍ച്ച നടത്തും. ചര്‍ച്ച നടത്താന്‍ ഉമ്മന്‍ ചാണ്ടി കുഞ്ഞാലിക്കുട്ടി എന്നിവരെ ചുമതലപ്പെടുത്തി. കോട്ടയം സീറ്റില്‍ കോണഗ്രസ് കാലുവാരുമെന്ന് മാണിക്ക് ആശങ്കയുണ്ട്. ഇതിന് പകരം ഒരു തവണത്തേക്ക് വയനാട് ലോക്‌സഭാ സീറ്റ് വെച്ച് മാറണമെന്നാണ് മാണി വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ യു.ഡി.എഫുമായി ചര്‍ച്ചകള്‍ നടത്തിയില്ലെന്നാണ് കേരള കോണ്‍ഗ്രസ് (എം) നേതൃത്വം വ്യക്തമാക്കുന്നത്.

അടുത്തവര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇനിയും കാത്തിരിക്കാതെ രാഷ്ട്രീയമായ തീരുമാനം കൈക്കൊള്ളണമെന്നാണു പല നേതാക്കളുടെയും ആവശ്യം. ജോസ് കെ. മാണിക്കും കൂട്ടര്‍ക്കും ഇടതുമുന്നണിയിലേക്കു പോകാനാണ് ആഗ്രഹം. എന്നാല്‍, പി.ജെ. ജോസഫിനു യു.ഡി.എഫിനോടാണു താല്‍പ്പര്യം. ഇക്കാര്യത്തില്‍ അഭിപ്രായഐക്യത്തിനുള്ള ശ്രമം തുടരുകയാണ്.
ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസിനു 4000 ഓളം വോട്ടുണ്ടെന്നാണ് അവകാശവാദം.

ഇന്നത്തെ സാഹചര്യത്തില്‍ ഈ വോട്ട് ഇരുമുന്നണിക്കും നിര്‍ണായകമാണ്. ഈ തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിച്ച് പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിച്ചില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണു മാണിയുമായി ബന്ധപ്പെട്ടവരുടെ ആശങ്ക. നല്ല പരിഗണന ലഭിച്ചാല്‍ ഇടതുമുന്നണിയിലേക്കു ചേക്കേറും. ജോസഫും കൂട്ടരും പ്രതിഷേധമുയര്‍ത്തിയാലും എം.എല്‍.എ. സ്ഥാനം നഷ്ടപ്പെടുത്തി മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ അവര്‍ തയാറാകാന്‍ സാധ്യതയില്ലെന്നും വിലയിരുത്തലുണ്ട്. ഇടതുമുന്നണി അയഞ്ഞ സമീപനം തുടരുകയാണെങ്കില്‍ യു.ഡി.എഫിലേക്ക് മടങ്ങാനും മാണി നിര്‍ബന്ധിതനാകുമെന്നും സൂചനയുണ്ട്. എന്നാല്‍ യുഡിഎഫിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് മാണി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

error: Content is protected !!