ജെ ഡി യു ,ഇടതു മുന്നണിയിലേക്ക്

ജനതാദൾ-യു ഇടതു മുന്നണിയിലേക്ക്. ഇന്ന് ചേർന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. മുന്നണി പ്രവേശം സംബന്ധിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദകുമാർ യോഗത്തെ അറിയിക്കുകയായിരുന്നു. യുഡിഎഫിൽ നിന്നതുകൊണ്ട് പാർട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ എൽഡിഎഫിലേക്കു പോകുന്നതാണ് നല്ലതെന്നും എൽഡിഎഫിലേക്കു പോകാനുള്ള അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.

14 ജില്ലാ പ്രസിഡന്‍റുമാരും ഇടതുമുന്നണിയിലേക്കു പോകാനുള്ള തീരുമാനത്തെ അനുകൂലിച്ചിരുന്നു. എന്നാൽ ഒരു വിഭാഗം ഭാരവാഹികൾ വിയോജിപ്പ് രേഖപ്പെടുത്തി. വീരേന്ദ്രകുമാർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറിയായ ജോണ്‍ ജോണ്‍ ഇതിനെ എതിർത്തിരുന്നു. തുടർന്ന് രാജിവച്ചതായി അറിയിച്ചുകൊണ്ട് അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

യുഡിഎഫ് പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന വീരേന്ദ്രകുമാര്‍ കഴിഞ്ഞ ഡിസംബർ 20ന് എംപി സ്ഥാനം രാജിവച്ചിരുന്നു. ദേശീയതലത്തില്‍ ജെഡിയു എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവച്ചത്.

error: Content is protected !!