പാനൂര്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം സെക്രട്ടറിസ്ഥാനത്ത് നിന്നും മാറ്റി

സി.പി.ഐ.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമനെ സെക്രട്ടറിസ്ഥാനത്ത്‌ നിന്നും നീക്കി . സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിനാണ് കണ്ണൂര്‍ ജില്ലാ കമ്മറ്റി നേരിട്ട് നടപടിയെടുത്തത്. സംഘപരിവാര്‍ അക്രമം തുടരുന്ന പാനൂരില്‍ ലോക്കല്‍ സെക്രട്ടറി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു കെ.കെ പ്രേമന്‍ ആര്‍.എസ്.എസിന്റെ സേവന വിഭാഗമായി സേവാഭാരതിയുടെ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പങ്കെടുത്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാനൂര്‍ മേഖലയിലെ സംഘപരിവാര്‍ ആക്രമണത്തത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ പലരും പഴയ സ്ഥിതിയിലേക്ക് വരാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് ഇപ്പോഴും ആശുപത്രിയിലുള്ളത്. കൊലപാതക രാഷ്ട്രീയം ഏറെ ചര്‍ച്ചയായ കണ്ണൂരിന്റെ പുതിയ ഈ കൊല്ലാതെ കൊല്ലുന്ന രീതി നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തില്‍ സി.പി.ഐ. എം ലോക്കല്‍ സെക്രട്ടറി ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായത്.

ഏതാനും വര്‍ഷം മുന്‍പ് പാനൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ച സംഭവത്തില്‍ അന്നു പഞ്ചായത്ത് അംഗവും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ.പ്രേമനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു.

error: Content is protected !!