തിളങ്ങുന്ന കോണ്‍ഗ്രസ് മാസങ്ങള്‍ക്കുള്ളില്‍ : രാഹുല്‍ ഗാന്ധി

ദിശാബോധമുള്ള തിളങ്ങുന്ന കോണ്‍ഗ്രസിനെ മാസങ്ങൾക്കുള്ളിൽ തന്നെ കാണാൻ കഴിയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബഹ്റിനിൽ ഇന്ത്യൻ വംശജരെ അവിസംബോധന ചെയ്യവേയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള രാഹുലിന്‍റെ ആദ്യ വിദേശ സന്ദർശനമാണിത്.

കോണ്‍ഗ്രസ് ഒരു സാധാരണ പ്രസ്ഥാനമല്ല. രാജ്യം കൈയടക്കിയ ബ്രിട്ടീഷുകാരെ ഓടിച്ച് സ്വതന്ത്ര്യം നേടിയെടുത്ത പ്രസ്ഥാനമാണ്. 2019-ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാൻ കോണ്‍ഗ്രസിന് സാധിക്കുമെന്നതിൽ തർക്കമില്ല.

അടുത്തിടെ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് അല്പം പിഴവ് സംഭവിച്ചു എന്ന കാര്യം ശരിയാണ്. തങ്ങൾ ബിജെപിയെയാണ് എതിരിടുന്നതെങ്കിലും ഇന്ത്യയ്ക്ക് പുതിയ ഒരു ദിശാബോധം നൽകുക എന്നതിനാണ് ശ്രമിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ദിശാബോധമുള്ള ഒരു കോണ്‍ഗ്രസിനെ രാജ്യത്തിന് സമ്മാനിക്കാൻ കഴിഞ്ഞാൽ പിന്നെ ബിജെപിയെ തോൽപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിന് വേണ്ടിയുള്ള പരിശ്രമമാണ് കോണ്‍ഗ്രസ് പാർട്ടിക്കുള്ളിൽ നടക്കുന്നത്. വരും നാളുകളിൽ കോണ്‍ഗ്രസിനുള്ളിൽ നാടകീയ മാറ്റങ്ങൾ കാണാൻ കഴിയുമെന്നും പുതുതലമുറയെ പടുത്തുയർത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

error: Content is protected !!