ബോണക്കാട് വിഷയം പുകയുന്നു :സര്‍ക്കാരിനെതിരെ ഇടയലേഖനം

ബോണക്കാട് കുരിശുമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ലത്തീന്‍ സഭ. കുരിശു തകര്‍ത്ത വര്‍ഗീയ ശക്തികള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്ന ഇടയലേഖനം നെയ്യാറ്റിന്‍കര രൂപതയിലെ പള്ളികളില്‍ വായിച്ചു.

നീതി ഉറപ്പാകും വരെ സഹനസമരത്തിന് ഒരുങ്ങാനാണ് വിശ്വാസികളെ ഇടലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നത്. കുരിശുമലയിലേക്ക് പ്രവേശനം തടഞ്ഞതിലൂടെ വിശ്വാസികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു.സമരത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടായി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

ശനിയാഴ്ച വൈകിട്ട് രൂപതയിലെ വിവിധ ഇടവകകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സമരത്തിന്റെ അടുത്ത പടിയായി ചൊവ്വാഴ്ച നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ഉപരോധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. കുരിശുമലയിലേക്ക് പ്രവേശന അനുമതി ലഭിക്കും വരെ സമരം തുടരാനാണ് തീരുമാനം.

error: Content is protected !!