മന്ത്രിപദവിലേക്കുള്ള മടക്കം തോമസ് ചാണ്ടിയോട് ആലോചിച്ച ശേഷം; എകെ ശശീന്ദ്രന്‍

മന്ത്രിപദവിയിലേക്കുള്ള മടക്കം മുൻമന്ത്രി തോമസ് ചാണ്ടിയോ‌ടും ആലോചിച്ചശേഷമേ ഉണ്ടാകുകയുള്ളുവെന്ന് എൻസിപി നേതാവ് എ.കെ. ശശീന്ദ്രന്‍. എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും. തോമസ് ചാണ്ടി ശത്രുവല്ല. പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നു കരുതുന്നില്ലെന്നും ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു. തനിക്ക് പാര്‍ട്ടിയില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിച്ചിരുന്നു. മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് പോകില്ലെന്നും അദേഹം പറഞ്ഞു.

അതേസമയം, കുറ്റവിമുക്തനായ എ.കെ. ശശീന്ദ്രന്‍ നിയമസഭാ സമ്മേളനത്തിനു ശേഷം മന്ത്രിസഭയില്‍ തിരികെയെത്തുമെന്നാണ് റിപ്പോര്‍ട്ട്. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന കാര്യത്തില്‍ സംസ്ഥാന തലത്തില്‍ തത്വത്തില്‍ ധാരണയായി. ഇക്കാര്യം അറിയിക്കാന്‍ എന്‍സിപി നേതാക്കള്‍ ഇന്നു ദേശീയനേതൃത്വത്തെ കാണും.

ശശീന്ദ്രനു പിന്നാലെ തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്ന തീരുമാനമായിരുന്നു എന്‍സിപിയുടേത്. അതുകൊണ്ടു തന്നെ കോടതി കുറ്റവിമുക്തനാക്കിയ എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാതിരിക്കാന്‍ പാര്‍ട്ടിയിലെ എതിര്‍പക്ഷം പോലും ന്യായങ്ങള്‍ നിരത്തുന്നില്ല. കൂടാതെ കോടതി വിധിയെത്തിയതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശശീന്ദ്രനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത് സിപിഎമ്മിന്റെ പച്ചക്കൊടിയായി വിലയിരുത്തുന്നു.

error: Content is protected !!