കസ്ഗഞ്ച് സംഘര്‍ഷം; ഒരു മരണം സംഘര്‍ഷം തുടരുന്നു

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ബൈക്ക് റാലിക്കുനേരെ കല്ലേറു നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഉത്തർപ്രദേശിലെ കസ്ഗഞ്ചിൽ ഒരു മരണം. മൂന്നു കടകളും രണ്ട് സ്വകാര്യ ബസുകളും ഒരു കാറും ഇന്നലത്തെ സംഘർഷത്തിൽ തകർന്നു. സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിനുശേഷം വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. ജില്ലയില്‍ പൊലീസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി ഇന്റര്‍നെറ്റ് സംവിധാനവും വിച്ഛേദിച്ചിട്ടുണ്ട്.

ചില സാമൂഹിക വിരുദ്ധർ പ്രദേശത്തെ മുസ്‌ലിം പള്ളിയുടെ ഗേറ്റ് തകർക്കാൻ ശ്രമിച്ചതായും അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അനന്ത് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു. എന്നാൽ പൊലീസ് സമയത്ത് എത്തിയതോടെ ഇവർ ഓടി രക്ഷപ്പെട്ടെന്നും എഡിജിപി കൂട്ടിച്ചേർത്തു. സംഭവത്തിൽ രണ്ടുകേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒന്‍പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ അറിയിച്ചു. നാൽപ്പതോളം പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ ബൈക്ക് റാലിക്ക് ശേഷമാണ് സംഘര്‍ഷം ആരംഭിക്കുന്നത്. തിരങ്കയാത്ര എന്ന പേരില്‍ നടത്തിയ ബൈക്ക് യാത്രയില്‍ ഉയര്‍ന്ന ചില മുദ്രാവാക്യങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്ന്് പൊലീസ് പറഞ്ഞു.

error: Content is protected !!