വ്യക്തി പൂജ വിവാദം:പി ജയരാജനെതിരായ നടപടി ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി

സി പി എംലെ വ്യക്തി പൂജ വിവാദം പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെക്കുന്നത്.പ്രസ്ഥാനത്തിനപ്പുറത്ത് വ്യക്തികള്‍ ഉയര്‍ന്നു വന്നാല്‍ അത് അംഗീകരിക്കില്ല എന്നത് പാര്‍ട്ടി പ്രത്യയശാസ്ത്രമാണ്.എന്നാല്‍ പുതുതായി ഉയര്‍ന്ന വിവാദത്തില്‍ ജില്ല സെക്രട്ടറി പി ജയരാജനും,ജില്ല കണ്ണൂരും ആകുന്നു എന്നതാണ്‌ പാര്‍ട്ടിക്കുള്ളിലും,പുറത്തും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നത്‌.

പി ജയരാജന് എതിരായ സംസ്ഥാന സമിതിയുടെ നടപടി ജില്ലയിലെ ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതോടെ ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടി ഫോറങ്ങള്‍ക്കപ്പുറം എത്തി.ഇന്നലെ മുതലാണ് നടപടി ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ബ്രാഞ്ചുകളില്‍ വായിച്ച അഞ്ച് പേജ് ഉള്ള സര്‍ക്കുലറില്‍, വ്യക്തിയല്ല പാര്‍ട്ടിയാണ് വലുത് എന്ന് വ്യക്തമാക്കിയ കല്‍ക്കട്ട പ്ലീനം നിലപാട് ജയരാജന്‍ ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തുന്നു.

ജയരാജനെ മഹത്വവത്കരിച്ച് പുറച്ചേരി ഗ്രാമീണ കലാവേദി പുറത്തിറക്കിയ സംഗീതശില്‍പവും, ഭാവി ആഭ്യന്തര മന്ത്രിയായി കാണിച്ച് കണ്ണൂരില്‍ ഉയര്‍ന്ന ഫ്ലെക്സുകളും, ദൈവദൂതനായി വാഴ്ത്തിയുള്ള ജീവിതരേഖയുമാണ് നടപടിക്കാധാരം. പി ജയരാജന്‍ നേരിട്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തിയത് എന്ന് സംസ്ഥാന സമിതി കരുതുന്നില്ല. പക്ഷെ വ്യക്തിയിലേക്ക് കേന്ദ്രീകരിച്ച പ്രചാരണങ്ങള്‍ നടന്നിട്ടും തടയാന്‍ ജരാജന്‍ ശ്രമിച്ചില്ല എന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
ജില്ലാ സമ്മേളന ഒരുക്കങ്ങള്‍ പ്രധാന അജണ്ട ആകേണ്ടുന്ന ബ്രാഞ്ച് യോഗങ്ങളുടെ സുപ്രധാന അജണ്ട
വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞുള്ള ജയരാജന് എതിരായ നടപടിയുടെ റിപ്പോര്‍ട്ടിങ് ആണ്. അഞ്ച് പേജ് ഉള്ള സര്‍ക്കുലര്‍ നിശ്ചയിക്കപ്പെട്ട ഏരിയ കമ്മിറ്റി അംഗം നേരിട്ടെത്തിയാണ് ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ട്ടി എന്നതില്‍ ഉപരി വ്യക്തികളില്‍ ആകൃഷ്ടരായി പാര്‍ട്ടിയിലേക്ക് ആള്‍ക്കൂട്ടം എത്തുന്ന പ്രവണതയെയും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നുണ്ട്.

ജയരാജനെ ദൈവദൂതനായി വാഴ്ത്തിയ ഈ ജീവിതരേഖയാണ് നവംബറില്‍ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പ്രധാന ചര്‍ച്ചാവിഷയമായത്. സ്വയം വാഴ്ത്തിയുള്ള പ്രചാരണങ്ങള്‍ സംസ്ഥാന നേതൃപദവിയിലേക്ക് ഉയരാനുള്ള ശ്രമമായാണ് റിപ്പോര്‍ട്ടിംഗിലെ വിലയിരുത്തല്‍. അതേസമയം പാര്‍ട്ടിക്ക് വേണ്ടി ജയരാജന്‍ സഹിച്ച ത്യാഗങ്ങളെയും സര്‍ക്കുലര്‍ അവസാന ഭാഗത്ത് പരാമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരിലും, അനുഭാവികളിലും ഇവയെല്ലാം ഉയര്‍ത്തുന്ന ചര്‍ച്ചകള്‍ സിപിഎം നേതൃത്വം എങ്ങനെ തരണം ചെയ്യും എന്നതും പ്രസക്തമാണ്‌.കണ്ണൂരിലെ 3501 പാര്‍ട്ടി ബ്രാഞ്ചുകളിലാണ് സംസ്ഥാന കമ്മറ്റിയുടെ സര്‍ക്കുലര്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്.

error: Content is protected !!