നടന്‍ പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്

രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ താനും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാറാണെന്ന സൂചന നല്‍കി തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. രാഷ്ട്രീയ പ്രവേശനത്തിന് തന്നെ ആരെങ്കിലും വെല്ലുവിളിച്ചാല്‍ മടിക്കില്ലെന്ന് പ്രകാശ് പറഞ്ഞു. ബെംഗളൂരു പ്രസ് ക്ലബ് നല്‍കിയ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. ഹിറ്റ്ലറുടെ കാലത്തുണ്ടായിരുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വന്തം സമുദായം മാത്രം ലോകം ഭരിക്കണമെന്ന ഏകപക്ഷീയ നിലപാടാണ് ഇവരുടേത്. ഇത്തരം ആളുകള്‍ക്ക് ഇപ്പോള്‍ നമ്മുടെ രാജ്യത്തും പിന്തുണ ഏറി വരികയാണ്. അതുകൊണ്ട് ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരക്കാര്‍ അക്രമത്തിന്റെയും വര്‍ഗീയതയുടെയും രീതി ഉപയോഗിക്കുകയാണ്. ഇവരെ ചെറുത്തു തോല്‍പ്പിച്ചാല്‍ മാത്രമേ അവര്‍ പാഠം പഠിക്കുകയുള്ളൂ. അടുത്ത തെരഞ്ഞെടുപ്പുകളില്‍ ഇത്തരക്കാരെ തോല്‍പ്പിക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ ഓരോ വീടുകളും കയറിയിറങ്ങി പ്രചാരണം നടത്തണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.

error: Content is protected !!