ഓഖി ദുരന്തം : മടങ്ങിയെത്താനുള്ളത് 142 പേർ

ഓഖി ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോൾ ഇനിയും മടങ്ങിയെത്താനുള്ളത് 142 പേരെന്ന് സര്‍ക്കാര്‍. മരണം സ്ഥിരീകരിച്ച 25 പേരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ച് കഴിഞ്ഞു. അതേസമയം കാണാതായവര്‍ക്കു വേണ്ടിയുള്ള അനിശ്ചിതമായ കാത്തിരിപ്പുമാത്രമല്ല ജീവിതമാര്‍ഗ്ഗം പോലും കടലെടുത്തവരുടെ തീരാ ദുരിതം കൂടിയാണ് സംസ്ഥാനത്തെ കടലോര മേഖലകളിൽ ഓഖിയുടെ ബാക്കി.

ചെറുവള്ളത്തിൽ പോയ 95 പേരും ബോട്ടിൽ പോയ 47 പേരും മടങ്ങിയെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മരണം സ്ഥിരീകരിച്ച 25 പേരുടെ കുടുംബങ്ങൾക്കാണ് 20 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുള്ളത്. ബാക്കി നടപടി ക്രമങ്ങൾ പൂര്‍ത്തിയാകും വരെ കാണാതായവരുടെ കുടുംബങ്ങൾക്കെല്ലാം പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും.

കട്ടമരം മുതൽ വലിയ ഫിഷിംഗ് ബോട്ടുകൾ വരെ തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ട 100 ഓളം പേര്‍ക്കുള്ള ധനസഹായ വിതരണം പക്ഷെ പ്രതിസന്ധിയിലാണ് . തത്തുല്യതുക നഷ്‍ടപരിഹാരം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടെങ്കിലും നഷ്ടപ്പെട്ട തൊഴിലുപകരണങ്ങളുടെ എണ്ണവും മൂല്യവും കണക്കാക്കുന്നതിൽ അവ്യക്തതയുണ്ട്. മാത്രമല്ല പലരും പണിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലുമാണ്.

error: Content is protected !!