കണ്ണുരില്‍ രാത്രിയോട്ടം ജനുവരി 27ന്

കണ്ണൂര്‍: ഐക്യത്തിന്‍റെ സന്ദേശവുമായാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സി.യും ചേര്‍ന്ന് മിഡ്‌നൈറ്റ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ‘റണ്‍ ഫോര്‍ യൂണിറ്റി’ എന്ന പേരിലുള്ള മാരത്തണ്‍ ജനുവരി 27-ന് രാത്രി 12 മണിക്ക് കണ്ണൂരില്‍ നടക്കുമെന്ന് കളക്ടര്‍ മിര്‍ മുഹമ്മദ് അലി പത്രസമ്മേളനത്തില്‍ അറിയിച്ചു.

പകല്‍ നിരവധി മാരത്തണുകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും രാത്രി ഇത്രയും വിപുലമായ മാരത്തണിന് ആദ്യമായാണ് അരങ്ങൊരുക്കുന്നത്. സ്ത്രീകള്‍ മാത്രമുള്ളതും പുരുഷന്‍മാര്‍ മാത്രമുള്ളതും സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്നതുമായ ടീമുകള്‍ക്ക് പങ്കെടുക്കാം. ‘കണ്ണൂര്‍ നഗരത്തിലൂടെ രാത്രിയാത്ര ഏവര്‍ക്കും സുരക്ഷിതമാണ്’ എന്ന സന്ദേശവും പരിപാടി മുന്നോട്ടുവെക്കുന്നു.

കളക്ടറേറ്റ് അനക്‌സില്‍നിന്ന് തുടങ്ങുന്ന മാരത്തണ്‍ താവക്കര, ഫോര്‍ട്ട് റോഡ്, സെയ്ന്റ് മൈക്കിള്‍സ് സ്‌കൂള്‍, പയ്യാമ്പലം ഗസ്റ്റ് ഹൗസ് റോഡ്, മുനീശ്വരന്‍ കോവില്‍, താലൂക്ക് ഓഫീസ്, കാല്‍ടെക്‌സ് ജങ്ഷന്‍ വഴി തിരിച്ച് കളക്ടറേറ്റില്‍ സമാപിക്കും. ആറ് കിലോമീറ്റര്‍ ദൂരം പുലര്‍ച്ചെ ഒരു മണിയാവുമ്പോഴേക്കും താണ്ടിയെത്തും.

അഞ്ചുപേരടങ്ങുന്ന സംഘങ്ങളാണ് മിഡ്‌നൈറ്റ് മാരത്തണില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ദേശീയ പതാകയുടെ നിറങ്ങളുള്ള ടീ ഷര്‍ട്ടുകളാവും ടീമുകള്‍ക്ക് നല്‍കുക. മാരത്തണിനിടയില്‍ രണ്ട് സെല്‍ഫി പോയിന്റുകളുണ്ടാവും. ഇവിടെവെച്ച് സെല്‍ഫികള്‍ എടുക്കണം. പുരുഷന്മാര്‍ മാത്രമുള്ള ടീമുകളില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 5,000 രൂപയും സ്ത്രീകളുടെ ടീമുകള്‍ക്കും സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്നതുമായ ടീമുകള്‍ക്കും ഒന്നാംസ്ഥാനത്തിന് 7,000 രൂപവീതവുമാണ് സമ്മാനം.

മാരത്തണിന്റെ ലോഗോ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും ചേര്‍ന്ന് പ്രകാശനം ചെയ്തു. ദുബായില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ സ്വദേശി ഷിജിലാണ് ലോഗോ തയാറാക്കിയത്.പത്രസമ്മേളനത്തില്‍ ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസും പങ്കെടുത്തു.

error: Content is protected !!