എബിസി പദ്ധതിയിലൂടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 7764 തെരുവ് നായ്ക്കളെ വന്ധീകരിച്ചു.

കണ്ണൂർ ∙ ജില്ലയിൽ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ വന്ധീകരിച്ചത് 7764 തെരുവ് നായ്ക്കളെ. ജില്ലാ പഞ്ചായത്ത് നേതൃത്വത്തിലുള്ള എബിസി പദ്ധതിക്കു വൈദ്യ–സാങ്കേതിക സഹായം മുഴുവൻ നടത്തുന്നത് മൃഗസംരക്ഷണ വകുപ്പാണ്. 2016 ഡിസംബർ അവസാന വാരത്തിലാണു തെരുവു നായ്ക്കളുടെ വന്ധ്യംകരണ നടപടി ജില്ലയിൽ തുടങ്ങിയത്. ഒന്നാം ഘട്ടത്തിൽ 2290 നായ്ക്കളെ വന്ധീകരിച്ചു. മാസത്തിൽ 220–260 നായ എന്ന നിലയിലാണു ശരാശരി വന്ധ്യംകരണം. നായ ഒന്നിന് 1600 രൂപയാണു ശസ്ത്രക്രിയാ ചെലവ്. പാപ്പിനിശ്ശേരി മൃഗാശുപത്രി കേന്ദ്രീകരിച്ചാണു ശസ്ത്രക്രിയ. പിടികൂടുന്ന നായ്ക്കളെ കൂടുകളിൽ താമസിപ്പിച്ച് ശസ്ത്രക്രിയ നടത്തും. രണ്ടു ദിവസത്തിനു ശേഷം പിടികൂടിയ ഇടത്തു തന്നെ കൊണ്ടുപോയി നായ്ക്കളെ തുറന്നുവിടും. ബെംഗളൂരു ആസ്ഥാനമായുള്ള റൈറ്റ് ഹോർഡ് എന്ന ഏജൻസി മുഖേനയാണു പദ്ധതി ആദ്യം ജില്ലയിൽ നടപ്പാക്കിയത്.

നേപ്പാളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമായി തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണു നായ്ക്കളെ പിടികൂടിയിരുന്നത്. പദ്ധതിയുടെ തുടക്കത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ. ഏജൻസിയുടെ കാലാവധി കഴിഞ്ഞതോടെ മൃഗസംരക്ഷണ വകുപ്പ് പദ്ധതി ഏറ്റെടുക്കുകയായിരുന്നു. നിലവിൽ മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണ് പദ്ധതി നി‍ർവഹണ ഉദ്യോഗസ്ഥൻ. നായ്ക്കളുടെ വന്ധ്യം കരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്തിനു വിഹിതം നൽകുന്നുണ്ട്. കാലാവധി കഴിഞ്ഞതോടെ സ്വകാര്യ ഏജൻസി പദ്ധതിയിൽ നിന്നും വിട്ടു പോയി. ഇതോടെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

error: Content is protected !!