കണ്ണൂര്‍ നഗര റോഡ് വികസന പദ്ധതി: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും

കണ്ണൂര്‍ നഗര റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.

എട്ട് മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.  11കോറിഡോറുകള്‍ക്ക് 401.69 കോടി രൂപയുടെ ഭരണാനുമതിയായി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വരുന്ന കൂടുതല്‍ ചെലവുകള്‍ സംബന്ധിച്ച് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

രണ്ടു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആന്വിറ്റി മോഡിലായിരിക്കും നിര്‍മാണം. നിര്‍മാണപ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കാനും യോഗം തീരുമാനിച്ചു.

ചാലാട്-പള്ളിക്കുന്ന്-കുഞ്ഞിപ്പള്ളി റോഡ്, പൊടിക്കുണ്ട് -കൊറ്റാളി, മിനി ബൈപാസ്, പ്ലാസാ ജംഗ്ഷന്‍-ജെടിഎസ്, തയ്യില്‍-തേക്കില പീടിക, കുഞ്ഞിപ്പള്ളി-പുല്ലൂപ്പി, കക്കാട്-മുണ്ടയാട്, ജെയില്‍ റോഡ്, ഇന്നര്‍ റിംഗ് റോഡ് എന്നിവയാണ് വികസിപ്പിക്കുക.

യോഗത്തില്‍ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ സെക്രട്ടറി മനോജ് ജോഷി, പിഡബ്ല്യൂഡി സെക്രട്ടറി കമലവര്‍ദ്ധന റാവു, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!