ശബരിമല സമരത്തിന്റെ രീതി മാറ്റിയതിൽ ബിജെപി നേതൃയോഗത്തിൽ വിമർശനം

ശബരിമല സമരത്തിന്റെ രീതി മാറ്റിയത് പാർട്ടിയുടെ  ജനപിന്തുണ നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്ന് ബിജെപി നേതൃയോഗത്തിൽ വിമർശനം. ശബരിമല വിഷയത്തിലെ സെക്രട്ടറിയേറ്റ് സമരം ചർച്ച ചെയ്യുന്നതിനായി കോഴിക്കോട് വിളിച്ചു അടിയന്തര നേതൃയോ​ഗത്തിലാണ് വിമർശനമുണ്ടായത്. നേതൃത്വത്തിന്റെ നിലപാട് മാറ്റം രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കുമെന്നും യോ​ഗത്തിൽ വിലയിരുത്തലുണ്ടായി. ശ്രീധരൻപിള്ളയുടെ നിലപാടിനെതിരെ വിർമശനമുയർന്നപ്പോൾ തന്നെ വി.മുരളീരൻ എംപിയുടെ പ്രസ്താവനക്കെതിരെയും നേതൃയോ​ഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി.

നാമജപപ്രതിഷേധത്തിന് പിന്തുണ നൽകിയതിലൂടെ രാഷ്ട്രീയത്തിനതീതമായ സ്വീകാര്യതയാണ് ബിജെപിക്ക് ലഭിച്ചത്.  എന്നാല്‍ ഇപ്പോഴത്തെ നിലപാട് മാറ്റം അതിന് തിരിച്ചടിയാകുമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. സംസ്ഥാന അധ്യക്ഷന്റെ നിലപാടിനെതിരെ പാലക്കാട്, തിരുവനന്തപുരം, കാസർകോട് ജില്ലാധ്യക്ഷൻമാരും വിമർശനവുമായി രം​ഗത്തെത്തി.

സംസ്ഥാന അധ്യക്ഷൻ ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാട് ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന് തിരിച്ചടിയായി എന്നായിരുന്നു നേതൃയോ​ഗത്തിലുയർന്ന വിമർശനം. യുവമോർച്ച വേദിയിലെ പ്രസംഗം എഫ്ബിയിലൂടെ ലൈവ് നൽകുമെന്ന് അറിയിച്ചിട്ടും പ്രസിഡന്റ് നടത്തിയ പ്രസ്താവന പാർട്ടിയെ പ്രതിക്കൂട്ടിലാക്കി. കെ.സുരേന്ദ്രനെതിരെ സർക്കാർ സ്വീകരിച്ച നടപടിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ കഴിഞ്ഞില്ല. സുരേന്ദ്രൻ ജയിലിൽ കഴിയുമ്പോൾ സമരം മയപ്പെടുത്തിയത് ശരിയായില്ല തുടങ്ങിയവയായിരുന്നു ശ്രീധരൻപിള്ളക്കെതിരായ പ്രധാന വിമർശനങ്ങൾ.

വി.മുരളീധരന്റെ പ്രസ്താവന പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന പ്രചാരണത്തിന് ആക്കം കൂട്ടി, അനവസരത്തിൽ പ്രസ്താവന നടത്തിയത് ശരിയായില്ല തുടങ്ങിയ വിമർശനങ്ങൾ ശ്രീധരൻപിള്ള അനുകൂലികൾ ഉന്നയിച്ചു. തിങ്കളാഴ്ച മുതലാണ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം തുടങ്ങുന്നത്. പതിനഞ്ച് വരെയാണ് സമരം. ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കുക, കെ.സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.

error: Content is protected !!