കണ്ണൂരില്‍ രണ്ടുവര്‍ഷത്തിനിടെ കണ്ടെത്തിയത് 71 കുഷ്ഠരോഗ കേസുകള്‍

കണ്ണൂര്‍ :   ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 71 കുഷ്ഠരോഗ കേസുകള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. 2018-19 വര്‍ഷം ഇതുവരെ 34, 2017-18ല്‍ 37 കുഷ്ഠരോഗ കേസുകളാണ് ജില്ലയില്‍ കണ്ടെത്തിയത്. ഇനിയും തിരിച്ചറിയപ്പെടാത്ത കേസുകള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പള്‍സ് പോളിയോ മാതൃകയില്‍ സംസ്ഥാനത്ത് കണ്ണൂര്‍ ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ ഡിസംബര്‍ അഞ്ചു മുതല്‍ 18 വരെ കുഷ്ഠരോഗ നിര്‍ണയ കാമ്പയിന്‍ നടത്തുകയാണ് ആരോഗ്യ വകുപ്പ്.

ഡിസംബര്‍ അഞ്ചു മുതല്‍ 18 വരെ കുഷ്ഠരോഗ നിര്‍ണയ കാമ്പയിന്‍

2018-19 വര്‍ഷത്തില്‍ ഇതുവരെ കണ്ടെത്തിയ 34 കേസുകളില്‍ 22 പുരുഷന്‍മാരും, 12 സ്ത്രീകളുമാണ്. 18 കേസുകള്‍ തീവ്രത കുറഞ്ഞതും 16 എണ്ണം തീവ്രത കൂടിയതുമാണ്. രണ്ട് കുട്ടികളും കാഴ്ച വൈകല്യമുള്ള മൂന്ന് പേരും അതിഥി തൊഴിലാളികളായ ഏഴ് പേരും ഇതില്‍ ഉള്‍പ്പെടും. 2017-18 വര്‍ഷത്തിലെ 37 കേസുകളില്‍ ആണ്‍ 22, പെണ്‍ 15 എന്നിങ്ങനെയാണ്. തീവ്രത കുറഞ്ഞത് 15, കൂടിയത് 22. മൂന്ന് കുട്ടികളും കാഴ്ച വൈകല്യമുള്ള ഒരാളും അതിഥി തൊഴിലാളികളില്‍ ആറ് പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ജില്ലയിലെ മൊത്തം കുഷ്ഠരോഗ കേസുകള്‍ 2016-17 വര്‍ഷം 44, 2015-16 വര്‍ഷം 56, 2014-15 വര്‍ഷം 51, 2013-14 വര്‍ഷം 58 എന്നിങ്ങനെയായിരുന്നു. കേരളത്തില്‍ പുതിയ കുഷ്ഠരോഗ കേസുകള്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ കുറയുമ്പോഴും കുട്ടികളിലെ കേസുകളും അംഗഭംഗം വരുന്ന കേസുകളും ദേശീയ നിലവാരത്തോടൊപ്പം ഉയര്‍ന്നു നില്‍ക്കുന്നു.

കുഷ്ഠരോഗം കേരളത്തില്‍ ഇല്ലെന്ന തെറ്റിദ്ധാരണ ഡോക്ടര്‍മാര്‍ക്കിടയില്‍ പോലും നിലനില്‍ക്കുമ്പോഴാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചികിത്സിച്ച് പൂര്‍ണമായി ഭേദമാക്കാവുന്ന രോഗമായിട്ടും രോഗത്തെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണയും മാറ്റിനിര്‍ത്തലും തുടരുന്നുണ്ട്. ഇത് ഇല്ലാതാക്കാന്‍ വിപുലമായ ബോധവത്കരണമാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്.

രോഗബാധിതരാണ് പകര്‍ച്ചക്കുള്ള ഉറവിടം എന്നതിനാല്‍ രോഗം എത്രയും പെട്ടന്ന് കണ്ടെത്തി ചികിത്സിക്കുന്നത് രോഗവ്യാപനം തടയും. മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് മാത്രം പകരുന്ന ഈ രോഗത്തിന്റെ കാരണം മൈക്കോ ബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയയാണ്. ഇന്ത്യയില്‍ കുഷ്ഠരോഗം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ആസാം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ധാരാളം അതിഥി തൊഴിലാളികള്‍ കേരളത്തിലെത്തുന്നതിനാല്‍ ഭീഷണിയുടെ നിഴലിലാണ് കേരളവും.

ഇളം നിറത്തിലുള്ള പാടുകള്‍, ചുവപ്പുനിറം, സ്പര്‍ശന ശേഷി നഷ്ടപ്പെടല്‍, വീക്കം തുടങ്ങിയവയുണ്ടെങ്കില്‍ അത് കുഷ്ഠരോഗമായേക്കാമെന്നതിനാല്‍ ഡോക്ടറെ കാണിച്ച് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. മറ്റേതു രോഗം പോലെയുമാണ് കുഷ്ഠരോഗവും. നേരത്തെ തിരിച്ചറിഞ്ഞാല്‍ രോഗം മൂലമുള്ള അംഗവൈകല്യങ്ങള്‍ തടയാം. കുഷ്ഠരോഗ ചികിത്സയ്ക്കുള്ള മള്‍ട്ടി ഡ്രഗ് തെറാപ്പി സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കും. തീവ്രത കുറഞ്ഞവര്‍ ആറ് മാസവും കൂടിയവര്‍ 12 മാസവുമാണ് മരുന്ന് കഴിക്കേണ്ടത്.

കാമ്പയിനിന്റെ ഭാഗമായി ആശ വര്‍ക്കര്‍മാരടങ്ങുന്ന പരിശീലനം ലഭിച്ച രണ്ടംഗ സംഘം എല്ലാ വീടുകളും സന്ദര്‍ശിച്ച് രണ്ട് വയസ്സുള്ള കുട്ടികള്‍ ഒഴികെ എല്ലാവരേയും പരിശോധിക്കും. സ്‌കൂളുകളിലും അങ്കണവാടികളിലും അധ്യാപകര്‍ക്ക് പരിശീലനം നല്‍കി വിദ്യാര്‍ഥികളുടെ പരിശോധനയും നടത്തും. കൂടുതല്‍ രോഗഭീഷണിയുള്ള അതിഥി തൊഴിലാളികള്‍ക്കിടയിലും തീരപ്രദേശത്തും മറ്റും പ്രത്യേകമായ പരിശോധന നടക്കുന്നുവെന്ന് ഉറപ്പാക്കും.

ജില്ലയിലെ 612,157 വീടുകള്‍, 2762145 പേര്‍ എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം. ഇതിനായി 2377 ടീമുകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ 18 വരെ വീട് വീടാന്തരമുള്ള സര്‍വേ, ശില്‍പശാലകള്‍, അതിഥി തൊഴിലാളികളുടെ സ്‌ക്രീനിംഗ്, വളണ്ടിയര്‍മാരുടെയും അധ്യാപകരുടെയും പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും.

ജില്ലാതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡി.എം.ഒ ആരോഗ്യം ഡോ. കെ. നാരായണ നായ്ക്, എന്‍.എച്ച്.എം ഡി.പി.എം ഡോ. കെ.വി. ലതീഷ്, എം.സി.സി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍, ജില്ലാശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവന്‍, ഡി.ഡി.ഇ ടി.പി. നിര്‍മ്മലാദേവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി. ഷാനവാസ്, ജില്ലാ ലേബര്‍ ഓഫീസര്‍ ടി.വി. സുരേന്ദ്രന്‍, ഡി.എം.ഒ ഐ.എസ്.എം ഡോ. എസ്.ആര്‍. ബിന്ദു, ഡി.എം.ഒ ഹോമിയോ ഡോ. ഇ.എന്‍. രാജു ഐ.ടി.ഡി.പി എ.പി.ഒ എം.കെ. മഹ്‌റൂഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ടി. രേഖ വിഷയം അവതരിപ്പിച്ചു.

error: Content is protected !!