അരളിപ്പൂ നിരോധിച്ച് മലബാർ ദേവസ്വം ബോർഡും

അരളിപ്പൂ നിരോധിച്ച് മലബാർ ദേവസ്വം ബോർഡും. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഇനിമുതൽ അരളിപ്പൂ ഉപയോഗിക്കില്ല. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എം ആർ മുരളി അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് പിന്നാലെയാണ് അരളിക്ക് മലബാർ ദേവസ്വം ബോർഡ് നിരോധനം ഏർപ്പെടുത്തുന്നത്.

ആലപ്പുഴയിൽ യുവതി മരിച്ചതും പത്തനംതിട്ടയിൽ പശുവും പശുക്കിടാവ് മരിച്ചതും അരളിപ്പൂ കഴിച്ചത് മൂലമാണെന്ന സംശയം ഉയർന്നിരുന്നു. അമ്പലങ്ങളിലെ പ്രസാദത്തിലും,നിവേദ്യത്തിലും വ്യാപകമായി അരളി പൂവാണ് ഉപയോഗിക്കുന്നത്. ഇത് ആശങ്ക ഉണ്ടാക്കിയ സാഹചര്യത്തിലാണ് താൽക്കാലികമായി പ്രസാദത്തിലും നിവേദ്യത്തിലും അരളിപൂ ഒഴിവാക്കാനുള്ള തീരുമാനം.

അരളിപ്പൂവും ചെടിയും കൊടിയ വിഷമാണെന്നുള്ള സംശയം ഉയർന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശിച്ചാൽ അമ്പലങ്ങളിൽ നിന്ന് പൂർണ്ണമായും പൂവ് ഒഴിവാക്കും. മരണത്തിലെ ഫോറൻസിക് റിപ്പോർട്ടും, മറ്റ് പഠന റിപ്പോർട്ടുകളും വരുന്ന വരെയാകും തീരുമാനം. നാളെ മുതൽ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിൽ തീരുമാനം നടപ്പിലാക്കും. ഇന്ന് ചേർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗമാണ് താൽക്കാലികമായി അരളി ഒഴിവാക്കാൻ തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് മലബാർ ദേവസ്വം ബോർഡിന്റെ തീരുമാനം.

error: Content is protected !!