എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം; ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് ലേബര്‍ കമ്മിഷണര്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് യോഗം വിളിച്ച് സെന്‍ട്രല്‍ ലേബര്‍ കമ്മിഷണര്‍. എയര്‍ ഇന്ത്യ പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്‌മെന്റ് പ്രതിനിധികളേയും ജീവനക്കാരേയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ജീവനക്കാരുടെ പരാതികള്‍ ന്യായമാണെന്ന് ചൂണ്ടിക്കാട്ടി ലേബര്‍ കമ്മിഷണര്‍ എയര്‍ ഇന്ത്യയ്ക്ക് കത്തെഴുതിയിരുന്നു. മാനേജ്‌മെന്റിനെയും എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും കുറ്റപ്പെടുത്തിയായിരുന്നു കത്ത്. ജീവനക്കാര്‍ പണിമുടക്ക് തുടരുന്നതിനാല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഇന്നും സര്‍വീസ് മുടങ്ങി. യുഎഇയില്‍ നിന്ന് വെള്ളിയാഴ്ച വരെയുള്ള കൂടുതല്‍ സര്‍വീസുകളും റദ്ദാക്കി.

മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ രണ്ടാം ദിവസവും റദ്ദാക്കിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. വിസാകാലാവധിയും, അവധിയും തീരുന്നവരുള്‍പ്പെടെയുള്ള പ്രവാസികളാണ് ഏറെ വലഞ്ഞത്. തിരുവനന്തപുരം കണ്ണൂര്‍ കരിപ്പൂര്‍ നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലായി ഇന്നു മാത്രം റദ്ദാക്കിയത് 20ലധികം എയര്‍ ഇന്ത്യ സര്‍വീസുകളാണ്.

ഇന്നലെ ക്യാന്‍സല്‍ ചെയ്ത പല ടിക്കറ്റുകളും നാളത്തേക്കാണ് റീ ഷെഡ്യൂള്‍ ചെയ്ത നല്‍കിയിരിക്കുന്നത്. എന്നാല്‍ സമരം അവസാനിച്ചില്ലെങ്കില്‍ ഈ സര്‍വീസുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

error: Content is protected !!