മുഖ്യമന്ത്രിയുടെ വിദേശയാത്ര; വിമർശിച്ച് ബിജെപി നേതാവ് വി മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവ് വി മുരളീധരൻ. റോം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയാണ് പിണറായി വിജയൻ എന്ന് മുരളീധരൻ പറഞ്ഞു. ജനങ്ങൾ ചൂടിൽ മരിക്കുമ്പോൾ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാൻ പോയി. ഇതിൽ മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തത വരുത്തണം എന്നും അദ്ദേഹം പറഞ്ഞു.

വിനോദയാത്ര നടത്താനുള്ള വരുമാന സ്രോതസ്സ് എന്താണ്? ആരാണ് സ്പോൺസർ എന്ന് വ്യക്തമാക്കണം. എംവി ഗോവിന്ദൻ മറുപടി പറഞ്ഞാലും മതി. മുഖ്യമന്ത്രിയും ഒരു മന്ത്രിയും ആർക്കും ചുമതല കൈമാറാതെ തോന്നിയതുപോലെ ഇറങ്ങിപ്പോയി. ഇത് ജനങ്ങളോട് കാണിക്കുന്ന നിരുത്തരവാദിത്വമാണ്. യെച്ചൂരിക്ക് ഇതിൽ നിലപാടുണ്ടോ എന്നും വി മുരളീധരൻ ചോദിച്ചു.

ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിലേക്ക് യാത്ര തിരിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രയ്‌ക്ക് മുഖ്യമന്ത്രി അനുമതി തേടിയത്. സ്വകാര്യ സന്ദർശനമായതിനാൽ സർക്കാർ ഔദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതോടെയാണ് യാത്ര സംബന്ധിച്ച് അന്തിമ തീരുമാനമായത്. ഔദ്യോഗിക യാത്ര അല്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല.

മകന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് യാത്രയെന്നാണ് വിശദീകരണം. യാത്ര നിശ്ചയിച്ച ശേഷം ചീഫ് സെക്രട്ടറി ഉൾപ്പെടെയുളളവരുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. കുറച്ച് ദിവസം ഉണ്ടാകില്ലെന്നും മാറി നിൽക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലും മന്ത്രിമാരോടും അറിയിച്ചിട്ടുളളത്. എന്നാണ് മുഖ്യമന്ത്രി മടങ്ങി വരുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.

error: Content is protected !!