ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ്  ജില്ലാ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗക്കുറ്റവും വധശ്രമക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. കോവളത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

2022ലായിരുന്നു യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയെ എംഎൽഎ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തു. കോവളത്ത് വെച്ച് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ആദ്യം പീഡിപ്പിച്ചത് അടിമലത്തുറയിലെ റിസോർട്ടിൽവെച്ചാണ്.

തൃക്കാക്കര, കുന്നത്തുനാട് എന്നിവിടങ്ങളിലെ വീടുകളിൽ വെച്ചും യുവതിയെ പീഡിപ്പിച്ചു. എംഎൽഎയുമായി തർക്കമുണ്ടായപ്പോഴാണ് കൊല്ലാൻ ശ്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.

പരാതിയിലെ ആരോപണങ്ങൾക്ക് തെളിവുകൾ ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. എൽദോസിന്റെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. ആകെ മൂന്ന് പ്രതികളാണ് കേസിലുള്ളത്.

error: Content is protected !!