24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണം’; കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്

അശ്ളീല വീഡിയോ വിവാദത്തില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്ന് ഷാഫി പറമ്പില്‍ അറിയിച്ചു.

കെകെ ശൈലജയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം വന്നതിനെ തുടര്‍ന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും വിമര്‍ശനങ്ങളും അധിക്ഷേപവും വ്യാപകമായിരുന്നു. എന്നാല്‍ വീഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നത് കെകെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തത വരുത്തി. ഇതോടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്ന് ഷാഫി പറഞ്ഞു.

കെകെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തില്‍ വീഡിയോ ഇറങ്ങിയിട്ടില്ല എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്, എന്നാല്‍ ഇതിന്‍റെ പേരില്‍ തനിക്കെതിരെ നടന്ന വ്യാപകമായ പ്രചാരണങ്ങള്‍ ഇല്ലാതാകില്ലല്ലോ എന്നാണ് ഷാഫി പറമ്പില്‍ ചോദിച്ചത്. വീഡിയോയുടെ പേരില്‍ തന്‍റെ ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചു എന്നാണ് ഷാഫി പറമ്പില്‍ പറയുന്നത്. തനിക്കെതിരെയുണ്ടായ അധിക്ഷേപത്തില്‍ ആരെങ്കിലും മാപ്പ് പറയുമോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചിരുന്നു.

error: Content is protected !!