കള്ളപ്പണ കേസിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ തുതേജയെ ഇഡി കസ്റ്റഡിയിൽ എടുത്തു

ഛത്തീസ്‌ഗഡ് മദ്യ നയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ തുതേജയെ ഇഡി കസ്റ്റഡിയിൽ എടുത്തു. 2003 ബാച്ച് ഐഎഎസ് ഓഫീസറായ അനിൽ തുതേജയെയും മകൻ യാഷ് തുതേജയെയും റായ്പൂരിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഓഫീസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമായിരുന്നു നടപടി. പിഎംഎൽഎ നിയമപ്രകാരം അനിൽ തുതേജയെ അറസ്റ്റ് ചെയ്തെങ്കിലും മകനെ വിട്ടയച്ചു.

മദ്യ നയ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിലെ ആദ്യ അറസ്റ്റാണ് ഇദ്ദേഹത്തിൻ്റേത്. 2061 കോടി രൂപയുടെ അഴിമതിയാണ് ഛത്തീസ്‌ഗഡ് മദ്യ നയത്തിൽ രജിസ്റ്റർ ചെയ്തതെന്ന് ഇഡിയുടെ കേസിൽ പറയുന്നത്. ആകെ 72 പേരാണ് കേസിൽ പ്രതികൾ. ഏപ്രിൽ പത്തിനാണ് ഇഡി ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണ കേസ് രജിസ്റ്റർ ചെയ്തത്.

ആദായ നികുതി വിഭാഗത്തിന്റെ പരാതിയിൽ ഇഡി രജിസ്റ്റർ ചെയ്തതാണ് കള്ളപ്പണ കേസ്. എന്നാൽ സുപ്രീം കോടതി ഈ കേസ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് ശേഷമാണ് ഐഎഎസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്.

ഛത്തീസ്ഗഡിൽ വിറ്റ ഓരോ കുപ്പി മദ്യത്തിന് മേലും നിയമവിരുദ്ധമായി പണം കൈപ്പറ്റിയെന്നാണ് കേസ്. റായ്‌പൂർ മേയറായിരുന്ന ഐജാസ് ദേബറിൻ്റെ സഹോദരൻ അൻവർ ദേബറിൻ്റെ നേതൃത്വത്തിൽ മദ്യം ഉൽപ്പാദിപ്പിക്കുന്നവരുടെ സിൻ്റിക്കേറ്റിൽ നിന്ന് 2000 കോടി രൂപ നേതാക്കൾ തട്ടിയെടുത്തുവെന്നാണ് കേസ്.

error: Content is protected !!