ലോക്‌സഭാ തിരഞ്ഞെടുപ്പ്; പഴുതടച്ച ക്യാമറ നിരീക്ഷണം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, വിവിധ സ്‌ക്വാഡുകള്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍, വോട്ടിങ് യന്ത്രങ്ങളുടെ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമറ നിരീക്ഷണം ശക്തം. ഇതിനായുള്ള കണ്‍ട്രോള്‍ റൂമും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൊലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ നിരീക്ഷണം നടത്തുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്ഥിരമായുള്ള ക്യാമറകള്‍ക്ക് പുറമെ വൈഫൈ സംവിധാനത്തോടെയുള്ള ക്യാമറകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. അവയുടെ നിരീക്ഷണം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യാലയത്തില്‍ ലഭിക്കും. കലക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്. 33 വീതം സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും ഫ്‌ളയിങ് സ്‌ക്വാഡുകളും 360 ഡിഗ്രി കറങ്ങുന്ന വൈഫൈ ക്യാമറയുടെ സംവിധാനത്തോടെ 24 മണിക്കൂറും ജില്ലയിലാകെ പരിശോധന നടത്തുന്നു. തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനങ്ങള്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ നിയമസഭ അടിസ്ഥാനത്തിലുള്ള സംഭരണ കേന്ദ്രങ്ങള്‍ എന്നിവയും പൂര്‍ണമായും നിരീക്ഷണത്തിലാണ്. കൂടാതെ പോളിങ് ദിവസം ജില്ലയിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും 100 ശതമാനം വെബ്കാസ്റ്റിംഗ് ഉറപ്പുവരുത്തിയാണ് ഇലക്ഷന്‍ നടത്തുക. പി ഡബ്ല്യൂ ഡി ഇലക്ട്രോണിക്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ടോമി തോമസ് ആണ് വെബ്കാസ്റ്റിംഗിന്റെ നോഡല്‍ ഓഫീസര്‍.
error: Content is protected !!