കണ്ണൂര്‍ ലോക്സഭാ മണ്ഡലം: വ്യാഴാഴ്ച ഏഴു സ്ഥാനാര്‍ഥികള്‍  കൂടി നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാഴാഴ്ച കണ്ണൂര്‍ മണ്ഡലത്തില്‍ ഏഴു സ്ഥാനാര്‍ഥികള്‍ കൂടി  നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ആകെ 15 സ്ഥാനാർത്ഥികളാണ് ഇപ്പോൾ പത്രിക സമർപ്പിച്ചിരിക്കുന്നത്. ജയരാജന്‍, ജയരാജ്, ജയരാജ്,കെ സുധാകരന്‍, കെ സുധാകരന്‍, എം പി സലീം, ജോയി ജോണ്‍  എന്നിവരാണ് വ്യാഴാഴ്ച സ്വതന്ത്ര സ്ഥാനാർഥികളായി പത്രിക സമർപ്പിച്ചത്.വ്യാഴാഴ്ചയായിരുന്നു പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

ജയരാജന്‍, ജയരാജ്, ജയരാജ്,  കെ സുധാകരന്‍, എം പി സലീം, ജോയി ജോണ്‍ എന്നിവര്‍ കലക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കലക്ടര്‍ അരുണ്‍ കെ വിജയന് മുമ്പാകെയാണ് പത്രികകള്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് കലക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി.

ഒരു കെ സുധാകരന്‍ ഡെസിഗ്‌നേറ്റഡ് എ ആര്‍ ഒ ആയ (എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍) സറീന എ റഹ്മാന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഡെസിഗ്‌നേറ്റഡ് എആര്‍ഒ യുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നല്‍കി.

 പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള  അവസാന തീയതി ഏപ്രില്‍ എട്ടാണ്.

error: Content is protected !!