നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് വിഷയത്തിൽ ദിലീപ് സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി ഡിവിഷൻ ബെഞ്ച്

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ എട്ടാം പ്രതി ദിലീപ് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്നും അത് നിയമവിരുദ്ധമാണെന്നും എട്ടാം പ്രതി ദിലീപ് കോടതിയെ അറിയിച്ചു. തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.

പ്രധാന ഹര്‍ജിക്കൊപ്പമുള്ള അനുബന്ധ ഉത്തരവാണ് സിംഗിള്‍ ബെഞ്ചിന്റേത് എന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകന്റെ മറുപടി. കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും അതിജീവിതയുടെ അഭിഭാഷകന്‍ ചോദിച്ചു. പ്രത്യേക ഹര്‍ജിയായി പരിഗണിക്കണോയെന്ന കാര്യം സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. സിംഗില്‍ ബെഞ്ച് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ ശ്രദ്ധാലുവാണ്. മെയ് 30ന് ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിജീവിതയുടെ അഭിഭാഷകന്‍ പറഞ്ഞു.

വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കുന്നത് നിയമ വിരുദ്ധമെന്നാണ് എട്ടാംപ്രതി ദിലീപിന്റെ വാദം. മെമ്മറി കാര്‍ഡില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തീര്‍പ്പാക്കി. ഇതേ ഹര്‍ജിയില്‍ പുതിയ ആവശ്യങ്ങളുമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിക്കാനാവില്ല. തീര്‍പ്പാക്കിയ ഹര്‍ജിയില്‍ പുതിയ ഉത്തരവിറക്കിയത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് എന്നുമാണ് എട്ടാംപ്രതി ദിലീപിന്റെ വാദം.

അതിനിടെ അതിജീവിതയെ പിന്തുണച്ച് വനിതാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തുവന്നു. മെമ്മറി കാര്‍ഡിലെ നിയവിരുദ്ധ പരിശോധനയില്‍ ശക്തമായ നിയമനടപടി വേണമെന്ന് വനിതാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. നീതിയുടെ പക്ഷത്ത് നിലകൊള്ളേണ്ടവര്‍ പ്രതിക്ക് അനുകൂലമായി നില്‍ക്കുന്നു. കേസ് അട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കുന്നത് ഗുരുതര കുറ്റകൃത്യമാണ്. കോടതികള്‍ നീതിയുടെ പക്ഷത്താണെന്ന് ഉറപ്പിക്കാന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും വനിതാ സംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

error: Content is protected !!