ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയില്‍ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് കെജ്‍രിവാളിനെ കോടതിയിൽ ഹാജരാക്കുന്നത്. മദ്യനയ കേസിലെ സത്യം കെജ്‍രിവാൾ കോടതിയിൽ വ്യക്തമാക്കും എന്നാണ് ഭാര്യ സുനിത ഇന്നലെ പറഞ്ഞത്. കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പര്യ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഉച്ചയ്ക്ക് 2 മണിയോടെ കെജ്‍രിവാളിനെ ഇഡി കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇഡി വീണ്ടും നീട്ടി ചോദിക്കാനാണ് സാധ്യത. ഒരു തെളിവും ഇല്ലാതെയാണ് മുഖ്യമന്ത്രിയെ കസ്റ്റ‍ഡിയിൽ വെച്ചിരിക്കുന്നത് എന്ന വാദം കെജ്‍രിവാളിന്റെ അഭിഭാഷകൻ ഉയർത്തും. മദ്യനയ കേസില്‍ സത്യം ഇന്ന് തെളിവ് സഹിതം കോടതിയില്‍ വെളിപ്പെടുത്തുമെന്നാണ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത പറഞ്ഞത്. മദ്യനയ അഴിമതി കേസിൽ കൂടുതൽ ആം ആദ്മി നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം. ഇതിന്റെ ഭാഗമായി ഗോവ എഎപി അധ്യക്ഷനടക്കം നാലു പേരെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

ഇന്ന് ദില്ലി ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. ഗോവയുടെ ചുമതലയുള്ള എഎപി നേതാവ് ദീപക് സിംഘ്ലയുടെ വസതിയിൽ ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഗോവയിലെ സ്ഥാനാർഥികൾ അടക്കം ഇതിൽ പങ്കുണ്ടെന്നും ഇഡി നേരത്തെ കോടതിയിൽ ആരോപിച്ചിരുന്നു. കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. സുർജിത് സിംഗ് യാദവാണ് ദില്ലി ഹൈകോടതിയിൽ പൊതുതാല്‍പര്യ ഹർജി നൽകിയത്.

error: Content is protected !!