വിജ്ഞാപനം പുറപ്പെടുവിച്ചു; പത്രിക സമര്‍പ്പണം ഏപ്രില്‍ നാല് വരെ 

ലോക്‌സഭ  തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന്റെ വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിച്ചു. രാവിലെ കലക്ടറേറ്റില്‍ കണ്ണൂര്‍ മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വിജ്ഞാപനം നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചു. അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, എഡിഎം കെ നവീന്‍ ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹതരായി.

 ഏപ്രില്‍ നാല് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുക. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ പത്രിക സ്വീകരിക്കില്ല. ബന്ധപ്പെട്ട മണ്ഡലത്തിന്റെ വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനാണ് കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ വരണാധികാരി. മട്ടന്നൂര്‍ മണ്ഡലം ഉപ വരണാധികാരിയായ എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ഷറീന എ റഹ്മാനാണ് പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരി. ആദ്യ ദിവസമായ മാർച്ച് 28 ന്   കണ്ണൂർ ലോക് സഭ മണ്ഡലത്തിൽ പത്രിക ഒന്നും സമർപ്പിച്ചിട്ടില്ല. പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ച് രാവിലെ 11ന് നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. എട്ടിന് വൈകീട്ട് മൂന്നു മുതല്‍ ചിഹ്നം അനുവദിക്കും. ഏപ്രില്‍ 26 നാണ് കേരളത്തില്‍ വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

error: Content is protected !!