ഡീനിനേയും അസി.ഡീനിനേയും സസ്പെൻഡ് ചെയ്യും; നിർദേശം നൽകിയതായി മന്ത്രി ജെ.ചിഞ്ചുറാണി

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീനിനേയും അസിസ്റ്റൻ്റ് ഡീനിനേയും സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. നടപടിക്കായി പുതിയ വിസിയോട് വാക്കാൽ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. പഴയ വി.സി നൽകിയ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് നിർദേശം.

ഡീനും അസിസ്റ്റൻ്റ് ഡീനും ആയിരുന്നു ഹോസ്റ്റൽ നോക്കേണ്ടവർ, അവരുടെ ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള നോട്ടമുണ്ടായില്ല. ഇരുവരുടെയും സസ്പെൻഷൻ പ്രാവർത്തികമാക്കാൻ വന്നപ്പോഴാണ് നിലവിലെ വി.സിയെ ഗവർണർ സസ്പെൻഡ് ചെയ്തത്. പുതിയ വി.സിയോട് ഇക്കാര്യത്തിൽ വാക്കാൽ നിർദേശം നൽകിയെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം വിസിയെ പുറത്താക്കിയ ഗവർണറുടെ തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. തന്നോടോ വകുപ്പിനോടോ സർക്കാരിനോടോ പോലും അഭിപ്രായം തേടിയില്ലെന്നും തീരുമാനം അറിഞ്ഞതുപോലും മാധ്യമങ്ങളിലൂടെയാണെന്നും മന്ത്രി പ്രതികരിച്ചു.

ഡീൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും കൃത്യമായി വിവരങ്ങൾ ധരിപ്പിച്ചില്ലെന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ആർ ശശീന്ദ്രനാഥും പ്രതികരിച്ചിരുന്നു. ഡീനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രവേശിച്ച് സിദ്ധാർത്ഥന്റെ മൃതദേഹം അഴിച്ചിറക്കിയതെന്നാണ് വൈസ് ചാൻസലർ പറഞ്ഞത്.

error: Content is protected !!