റിലീസ് ചെയ്‌തത്‌ ഇന്നലെ, ‘ആടുജീവിത’ത്തിന് വ്യാജൻ; പരാതി നൽകി സംവിധായകൻ ബ്ലസി

ആടുജീവിതം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍ ബ്ലെസി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. നവമാധ്യമങ്ങളിലുള്‍പ്പടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈല്‍ സ്‌ക്രീന്‍ഷോട്ടുകളും പരാതിയോടൊപ്പം ബ്ലെസി കൈമാറിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആടുജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. പിന്നീട് ടെലഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി വ്യാജ പ്രിന്റുകള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ചില തല്‍പ്പര കക്ഷികള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജപതിപ്പ് പ്രചരിപ്പിക്കുകയാണെന്നും അവരെ ഉടന്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി വ്യാജ പ്രിന്റ്, ലിങ്ക് എന്നിവ ഷെയര്‍ ചെയ്യുന്ന മുഴുവന്‍ പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആടുജീവിതം.റിലീസ് ചെയ്ത ആദ്യദിനം കേരളത്തില്‍ നിന്നുമാത്രം 5.83 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.

error: Content is protected !!