വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

01ലോകസഭാ തെരെഞ്ഞെടുപ്പ്: മത്സരങ്ങളുമായി ജില്ലാ ഭരണകൂടം

ലോകസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസും ചേര്‍ന്ന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ‘ലോകസഭ തെരഞ്ഞെടുപ്പ് 2024- വോട്ട് ബോട്ട് മത്സരം’,ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ മത്സരം എന്നിവയാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക, വോട്ടിങിന്റെയും രജിസ്‌ട്രേഷന്റെയും പ്രസക്തിയും പ്രാധാന്യവും സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നിവയിലൂടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വോട്ട് ബോട്ട് മത്സരത്തില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനായി ഓരോ ഗ്രൂപ്പും ക്രിയേറ്റീവ് മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഒരു സെല്‍ഫി പോയിന്റായി ബോട്ട് രൂപകല്‍പ്പന ചെയ്യണം.
പങ്കെടുക്കുന്ന ഓരോ ഗ്രൂപ്പിനും ഉപയോഗശൂന്യമായ ഒരു പഴയ ബോട്ട് നല്‍കും. ബോട്ടില്‍  സെല്‍ഫികള്‍ / ഫോട്ടോകള്‍ എടുക്കുന്നതിനുള്ള കട്ടൗട്ടുകളും രൂപകല്‍പ്പന ചെയ്യണം. ഇവ പിന്നീട് പൊതുസ്ഥലങ്ങളില്‍ സെല്‍ഫി പോയിന്റുകളായി ഉപയോഗിക്കും. ഏതു പ്രായക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഓരോ ഗ്രൂപ്പിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധിയില്ല. മത്സരത്തില്‍ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പങ്കെടുന്നവരുടെ എണ്ണം, പേരു വിവരങ്ങള്‍ എന്നിവ  8921920138 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് ചെയ്യുകയോ acutkannur@gmail.com എന്ന മെയിലില്‍ അയക്കുകയോ വേണം.രജിസ്‌ട്രേഷനുശേഷം ഫൈബര്‍ഗ്ലാസ് ബോട്ടുകള്‍ അപേക്ഷകരുടെ  സ്ഥലത്തേക്ക് എത്തിക്കും. വോട്ട് ബോട്ട് ഡിസൈന്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി മാര്‍ച്ച് ഒമ്പത്. മികച്ച രണ്ട് ബോട്ടുകള്‍ക്ക് അവാര്‍ഡ് നല്‍കുകയും കലക്ടറേറ്റ് കോമ്പൗണ്ടില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
പ്ലാസ്റ്റിക്, കുപ്പി, ചകിരി, ഇ-വേസ്റ്റ് തുടങ്ങിയ പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാലാരൂപങ്ങള്‍ തയ്യാറാക്കുന്നതാണ് ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ മത്സരം. ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും പങ്കെടുക്കാം. പ്രായ പരിധിയില്ല. ഉയര്‍ന്ന കാലാമൂല്യമുള്ള അഞ്ച് സൃഷ്ടികള്‍ക്ക് സമ്മാനം നല്‍കും. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളുടെയും സൃഷ്ടികള്‍ സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള ജില്ലയിലെ പ്രധാന ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. പൂര്‍ത്തിയായ കാലാസൃഷ്ടികള്‍ മാര്‍ച്ച് ഒമ്പതിന് മുമ്പ് അസിസ്റ്റന്റ് കലക്ടറുടെ ഓഫീസില്‍ (സ്വീപ് നോഡല്‍ ഓഫീസര്‍) ഏല്‍പ്പിക്കണം. വിലാസം: അസിസ്റ്റന്റ് കലക്ടര്‍, കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, താവക്കര കണ്ണൂര്‍. ഫോണ്‍: 9605125092.



ജില്ലാ ആസൂത്രണ സമിതി യോഗം: വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2024-2025 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 2023-24 വാര്‍ഷിക പദ്ധതിയുടെ ഭേദഗതിയും യോഗം അംഗീകരിച്ചു. പാനൂര്‍, കൂത്തുപറമ്പ് നഗരസഭകളിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാന്‍, സ്മാര്‍ട്ട് ഐ പ്രൊജക്റ്റ് അവലോകനം എന്നിവയും യോഗത്തില്‍ നടന്നു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മറ്റ് ഡി പി സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

കുരങ്ങുകളെ തുറന്നുവിടുന്നത് വന്യജീവി സങ്കേതത്തില്‍: ഡി എഫ് ഒ

കുരങ്ങ് ശല്യം രൂക്ഷമായ കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയില്‍ നിന്നും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സഹായത്തോടെ ശല്യക്കാരായ കുരങ്ങുകളെ പിടികൂടി വന്യ ജീവി സാങ്കേതത്തില്‍ വിട്ടയക്കുകയാണുണ്ടായതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഏലപ്പീടികയില്‍ കുരങ്ങന്‍മാരെ തുറന്ന് വിടുന്നുവെന്ന പത്രവാര്‍ത്തയില്‍ കഴമ്പില്ലെന്നും ഇക്കാര്യം സംബന്ധിച്ച് കൊട്ടിയൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുഖേന അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഡി എഫ് ഒ അറിയിച്ചു.

പട്രോളിങ് ബോട്ട് നിരീക്ഷണം  തുടങ്ങി

ഫിഷറീസ് വകുപ്പിന്റെ ധര്‍മടം അഞ്ചരക്കണ്ടി പുഴയിലെ ജല ആവാസ വ്യവസ്ഥയില്‍ സമഗ്രമത്സ്യ സംരക്ഷണ പദ്ധതി 2022-25ന്റെ ഭാഗമായി പട്രോളിംഗ് ബോട്ട്  നിരീക്ഷണം  തുടങ്ങി. ധര്‍മടം ബീച്ച് റിസോര്‍ട്ടിന് സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ധര്‍മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ രവി അധ്യക്ഷത വഹിച്ചു.
ധര്‍മ്മടം അഞ്ചരക്കണ്ടി പുഴയിലെ ജല ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് മത്സ്യസംരക്ഷണ മേഖലകള്‍ സൃഷ്ടിച്ചും മത്സ്യവിത്ത് നിക്ഷേപിച്ചും ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിച്ച് ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും മറ്റ് അനധികൃത മത്സ്യബന്ധനം തടയാനുമാണ് പട്രോളിങ് ബോട്ട് നീറ്റിലിറക്കിയത് . 6.45 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ട് വാങ്ങിയത്. ധര്‍മടം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം പി മോഹനന്‍, അംഗങ്ങളായ കെ നാരായണന്‍, അഭിലാക്ഷ് വേലാണ്ടി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി, തലശ്ശേരി മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി കെ രജീഷ് എന്നിവര്‍ പങ്കെടുത്തു.

കൈവശരേഖ റദ്ദാക്കല്‍: ആക്ഷേപങ്ങള്‍ അറിയിക്കാം

ആറളം പുനരധിവാസ മേഖലയില്‍ കൈവശരേഖ അനുവദിച്ചിട്ടും താമസിക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച 310 പേരുടെ ഭൂമി റദ്ദാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. കൈവശരേഖ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ 30 ദിവസത്തിനകം ജില്ലാ കലക്ടറെ നേരിട്ട് ബോധിപ്പിക്കണം. അല്ലെങ്കില്‍ ഇനിയൊരു അറിയിപ്പില്ലാതെ കൈവശരേഖകള്‍ റദ്ദാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


കാര്‍ഷിക പ്രശ്‌നം പരിഹരിക്കാന്‍ യന്ത്രങ്ങള്‍ ഒരുങ്ങുന്നു

കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങള്‍ ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായാണ് ഗവേഷണ പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പുരോഗതി ജില്ലാ പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ വിലയിരുത്തി. തലശ്ശേരി എഞ്ചിനിയറിങ് കോളജ്, കുറുമാത്തൂര്‍ ഐ ടി ഐ എന്നീ കോളേജുകള്‍ക്കാണ് യന്ത്രങ്ങള്‍ നിര്‍മിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോളജുകള്‍ സമര്‍പ്പിച്ച യന്ത്രമാതൃകളില്‍ നിന്നാണ് ഈ രണ്ടു മാതൃകകള്‍ തെരഞ്ഞെടുത്തത്. കിഴങ്ങുവര്‍ഗങ്ങള്‍ കൃഷിചെയ്യാന്‍ ട്രാക്ടറില്‍ ഘടിപ്പിക്കാവുന്ന യന്ത്ര മാതൃകയാണ് കുറുമാത്തൂര്‍ ഐ ടി ഐ നിര്‍മിക്കുന്നത്. ഡയറി ഫാമുകളും മറ്റും വൃത്തിയാക്കുന്നതിനുള്ള ഓട്ടോമാറ്റിക് റോബോട്ടിക്ക് യന്ത്രമാതൃക തലശ്ശേരി എഞ്ചിനിയറിംഗ് കോളജും ഒരുക്കും. യന്ത്രം വികസിപ്പിക്കുന്നതിനും ഗവേഷണത്തിനുമായുള്ള ധനസഹായം ജില്ലാ പഞ്ചായത്താണ് നല്‍കുക. ജില്ലാ കൃഷി എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. യന്ത്രം പ്രവര്‍ത്തന സജ്ജമാകുന്നതോടെ കര്‍ഷകര്‍ ഈ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. യോഗത്തില്‍ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്‍ ലത്തീഫ്, അസി. എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സുധീര്‍ നാരായണന്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍

നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ വേങ്ങാട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് നാലിനു രാവിലെ 11 മണിക്ക് വേങ്ങാട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 6238512590.

നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ അഞ്ചരക്കണ്ടി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് ഫെബ്രുവരി 29ന് രാവിലെ 11 മണിക്ക് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 9497604729.

ഇ സേവന  പരിശീലനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം സ്ത്രീകള്‍ക്കായി ഇ സേവന പരിശീലനം നല്‍കുന്നു.  മാര്‍ച്ച്  ഒന്നിന് തുടങ്ങുന്ന കോഴ്സില്‍ എസ് എസ് എല്‍ സി അടിസ്ഥാന യോഗ്യതയുള്ള പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 30 മണിക്കൂറാണ് കോഴ്സ് . ഫോണ്‍: 9847143493, 8129295250.

പട്ടയകേസുകളുടെ വിചാരണ മാറ്റി

കലക്ടറേറ്റില്‍ ഫെബ്രുവരി 27, 28 തീയതികളില്‍ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ മാര്‍ച്ച് 26, 27 തീയതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (323/2022) തസ്തികയിലേക്ക് തെരഞ്ഞെടുപ്പിനായി 2023 ജൂണ്‍ 12ന് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കണ്ണൂര്‍ താലൂക്കിലെ ശ്രീപൂതൃക്കോവില്‍ ബലഭദ്ര ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും  മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റായ ംംം.ാമഹമയമൃറല്മംെീാ.സലൃമഹമ.ഴീ്.ശി ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 27ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

തേക്ക് ലേലം

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ ലേലം മാര്‍ച്ച് അഞ്ചിന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച തേക്ക് തടികള്‍ വിവിധ അളവുകളില്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496.

error: Content is protected !!