വൈഎസ്‌ ശർമിള കോൺഗ്രസിൽ ചേർന്നു; മല്ലികാർജുൻ ഖാർഗെയിൽ നിന്നും അംഗത്വം സ്വീകരിച്ചു

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈഎസ്‌ആർ തെലങ്കാന നേതാവുമായ വൈഎസ്‌ ശർമിള കോൺഗ്രസിൽ ചേർന്നു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയിൽ നിന്നും അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ മതേതര പാർട്ടി എന്ന് പാർട്ടി പ്രവേശനത്തിനുശേഷം വൈഎസ്ആർ ശർമിള പറഞ്ഞു.

ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നത്. മാസങ്ങങ്ങളായി എഐസിസി നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ്‌ പാർട്ടിയെ ശർമിള കോൺഗ്രസിൽ ലയിപ്പിക്കുന്നത്‌. രാജ്യത്തെ ഏറ്റവും വലിയ മതേതര പാർട്ടിയാണ് കോൺഗ്രസെന്നും എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ചത് കോൺഗ്രസ് ആണെന്നും പാർട്ടിയിൽ ചേർന്ന ശേഷം ശർമിള പറഞ്ഞു.

എഐസിസി ജനറൽ സെക്രട്ടറിപദവും ആന്ധ്രയുടെ ചുമതലയുമായിരിക്കും ശർമിളക്ക് നൽകുകയെന്നാണ്‌ സൂചന. ആന്ധ്രാപ്രദേശിലെ ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശർമിളയെ മുൻ നിർത്തി ജഗൻ മോഹൻ റെഡ്ഡിയെ നേരിടാൻ ആണ് കോൺഗ്രസ് നീക്കം. തെലങ്കാനയിൽ കോൺഗ്രസ് വൻ വിജയം നേടിയതിന് പിന്നാലെയാണ് ആന്ധ്രയിലെ നിർണായക നീക്കം. തെലങ്കാന തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ശർമിളയുടെ പാർട്ടി കോൺഗ്രസിനെ പിന്തുണയ്‌ക്കുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആന്ധ്രയിൽ ശർമിള കോൺഗ്രസ് മുഖമായാൽ തന്റെ സ്വാധീനത്തിന് ഇളക്കം തട്ടുമോ എന്ന ആശങ്കയിലാണ് ജഗൻ മോഹൻ റെഡ്ഡി. തെലങ്കാനയിലെ വിജയം കോൺഗ്രസിന്‌ ആന്ധ്രയിൽ വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.

error: Content is protected !!