വി സി നിയമനം; ഗവർണറുടെ നിർദേശം തള്ളി കേരള സർവകലാശാല

വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശം തള്ളി കേരള സർവകലാശാല. മൂന്നംഗ സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അയയ്ക്കില്ല. കേസുകൾ തീർപ്പായ ശേഷം പ്രതിനിധിയെ നൽകിയാൽ മതിയെന്നും സ്റ്റാൻഡിങ് കോൺസൽ രജിസ്ട്രാർക്ക് രേഖാമൂലം നിയമോപദേശം നൽകി.

കണ്ണൂർ സർവകലാശാല കേസിലെ വിധി ആയുധമാക്കി എട്ട് സർവകലാശാലകളിലും സ്ഥിരം വിസിമാരെ നിയമിക്കാനാണ് ഗവർണറുടെ ശ്രമം. ഇതിൻ്റെ ഭാഗമായാണ് സെർച്ച് കമ്മിറ്റിയിലേക്ക് ഉടൻ പ്രതിനിധികളെ നൽകാൻ സർവകലാശാലകളോട് ആവശ്യപ്പെട്ടത്. ചാൻസലർ, യുജിസി, സർവകലാശാലാ പ്രതിനിധികൾ എനിനവര്‍ അടങ്ങുന്ന സെർച്ച് കമ്മിറ്റി നൽകുന്ന ലിസ്റ്റിൽ നിന്നാണ് ചാൻസലർ വിസിയെ നിയമിക്കുക. എന്നാൽ ഈ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ട എന്നാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ച നിയമോപദേശം.

സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ നാമനിർദേശം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാൽ സെനറ്റ് യോഗം ചേർന്ന് സർവകലാശാല പ്രതിനിധിയെ തീരുമാനിക്കാൻ കഴിയില്ല, മാത്രമല്ല സെർച്ച് കമ്മിറ്റിയുടെ ഘടന മാറ്റുന്ന ബില്ല് ഒപ്പിടാത്തതിനെതിരെ സുപ്രീം കോടതിയിൽ കേസ് തുടരുകയുമാണ്. ഇതാണ് ഗവർണറുടെ ആവശ്യം തള്ളണമെന്ന നിയമോപദേശത്തിന് കാരണം.

സെർച്ച് കമ്മിറ്റിയുടെ കാര്യത്തിൽ 2018 ലെ യുജിസി ചട്ടത്തിൽ സെർച്ച് കമ്മിറ്റി മൂന്ന് മുതൽ അഞ്ച് വരെ പേരുടെ പട്ടിക നൽകണമെന്നാണ് പറയുന്നത്. എന്നാൽ സർവകലാശാല നിയമനത്തിൽ സമിതിക്ക് ഏകകണ്ഠമായി ഒരു പേര് നൽകാൻ സാധിച്ചില്ലെങ്കിൽ മാത്രം പട്ടിക നൽകണം എന്നാണ് നിർദേശം.

ഈ വൈരുദ്ധ്യവും ഹൈക്കോടതിയിലെ സർവകലാശാല സ്റ്റാൻഡിങ് കോൺസൽ രജിസ്ട്രാർക്ക് നൽകിയ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനിടെ പ്രതിനിധിയെ നൽകാനാവില്ലെന്ന കാര്യം സർവകലാശാല ഗവർണറെ രേഖാമൂലം അറിയിക്കാനിടയില്ല. സിൻഡിക്കേറ്റുമായി ഇടഞ്ഞു നിൽക്കുന്ന നിലവിലെ വിസി ഡോ. മോഹനൻ കുന്നുമ്മേലിന് സെർച്ച് കമ്മിറ്റി പ്രതിനിധിയെ നൽകണമെന്നാണ് നിലപാട്.

error: Content is protected !!