വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ജനുവരി 25ന്

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക ജനുവരി 25ന് പ്രസിദ്ധീകരിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഇ ആര്‍ ഒ, എ ഇ ആര്‍ ഒ, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കരട് വോട്ടര്‍ പട്ടിക ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 16ന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, രാമന്തളി, മുഴപ്പിലങ്ങാട്, മാടായി എന്നീ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ്, ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ഇ ആര്‍ ഒമാര്‍, എ ഇ ആര്‍ ഒമാര്‍, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ പങ്കെടുത്തു.

ജില്ലാ ആസൂത്രണ സമിതി യോഗം: എല്ലാ വാര്‍ഷിക പദ്ധതി ഭേദഗതിക്കും അംഗീകാരം

ജില്ലയിലെ മുഴുവന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതിയും ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. കൂത്തുപറമ്പ്, മട്ടന്നൂര്‍ നഗരസഭകള്‍, മാടായി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ പദ്ധതി ഭേദഗതികള്‍ക്ക് കൂടിയാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്.
ആസൂത്രണ സമിതി അധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാതല മുന്‍ഗണന പദ്ധതികളും സംയുക്ത പദ്ധതി നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു. കന്നുകുട്ടി പരിപാലന പദ്ധതിക്കുള്ള സര്‍ക്കാര്‍ വിഹിതം ലഭിക്കാത്ത സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അത് വഹിക്കുന്നതിനുള്ള അനുവാദത്തിനായി സര്‍ക്കാരിലേക്ക് കത്തയക്കാന്‍ യോഗം തീരുമാനിച്ചു. കൊവിഡിന് ശേഷം 60 വയസ്സിന് താഴെയുള്ളവര്‍ മരണപ്പെടുന്ന പ്രവണത കൂടിയത് സംബന്ധിച്ചും ഹൃദ്രോഗികള്‍, വൃക്ക, ക്യാന്‍സര്‍ രോഗികള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ഒരു പഠനം നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിനോട് യോഗം നിര്‍ദ്ദേശിച്ചു. ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും അതിദാരിദ്ര്യമില്ലാത്ത ജില്ല എന്ന നേട്ടം ഈ വര്‍ഷം തന്നെ കൈവരിക്കുന്നതിനുമാവശ്യമായ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും ആസൂത്രണ സമിതി അധ്യക്ഷ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ ഹാപ്പിനെസ്സ് പാര്‍ക്ക് ഉണ്ടാക്കാന്‍ പദ്ധതി ആലോചിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ടി ഒ മോഹനന്‍, അഡ്വ. ബിനോയ് കുര്യന്‍, അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, ഇ വിജയന്‍ മാസ്റ്റര്‍, വി ഗീത, കെ താഹിറ, ലിസി ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, തദ്ദേശസ്ഥാപന അധ്യക്ഷര്‍, പ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അസിസ്റ്റന്റ് മാനേജര്‍ ഒഴിവ്

എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പേഴ്സണല്‍-അഡ്മിനിസ്ട്രേഷന്‍ ആന്റ് പര്‍ച്ചേസ്, ബൈന്റിങ്, റീപ്രൊഡക്ഷന്‍ എന്നിവയില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സ്ഥിരം ഒഴിവ്. പേഴ്സണല്‍-അഡ്മിനിസ്ട്രേഷന്‍ ആന്റ് പര്‍ച്ചേസ് വിഭാഗത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാംക്ലാസ് ബിരുദവും, റഗുലറായി ഹ്യൂമന്‍ റിസോഴ്സസില്‍ എംബിഎ ഫസ്റ്റ്ക്ലാസ്സും ലേബര്‍ അല്ലെങ്കില്‍ എച്ച് ആര്‍ എന്നിവയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും (മെറ്റീരിയല്‍ പര്‍ച്ചേസില്‍ പ്രവൃത്തി പരിചയം അഭികാമ്യം) ആണ് യോഗ്യത. ബൈന്റിങ് വിഭാഗത്തില്‍ പ്രിന്റിങ് ടെക്നോളജിയില്‍ ഒന്നാം ക്ലാസ്സാടെ ബിടെക്ക്/ ബി ഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഒന്നാം ക്ലാസ് ഡിപ്ലോമയും എട്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. റീപ്രൊഡക്ഷന്‍ വിഭാഗത്തില്‍ പ്രിന്റിങ് ടെക്നോളജിയില്‍ ഒന്നാം ക്ലാസ്സോടെ ബിടെക്ക്/ ബി ഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഒന്നാം ക്ലാസ് ഡിപ്ലോമയും എട്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. പ്രായം: 18നും 36നും ഇടയില്‍(ഇളവുകള്‍ അനുവദനീയം). താല്‍പര്യമുള്ളവര്‍ ജനുവരി 15നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ പാലക്കാട്, തൃശ്ശൂര്‍, എറണാകുളം നോളജ് സെന്ററുകളില്‍ ജനുവരി 17ന് തുടങ്ങുന്ന മൂന്ന് മാസത്തെ കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7356111124, 9188665545.


ഡ്രൈവിങ് പരിശീലനം

കണ്ണൂര്‍ ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡ്രൈവിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9645233747.

കമ്പ്യൂട്ടര്‍ കോഴ്സ്

എല്‍ ബി എസ് സെന്ററിന്റെയും വികലാംഗ പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള പത്താം ക്ലാസ് വിജയിച്ച കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യാത്രാബത്ത, ഭക്ഷണം എന്നിവക്ക് നിശ്ചിത തുക അനുവദിക്കും. താല്‍പര്യമുള്ളവര്‍ വൈകല്യം തെളിയിക്കുന്നതുള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍: 0497 2702812.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന സി സി ടി വി, സി എന്‍ സി മെഷനിസ്റ്റ്, ടോട്ടല്‍ സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, വെല്‍ഡര്‍ ടിഗ് ആന്റ് മിഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354, 7560865447.

ദര്‍ഘാസ്

ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പാട്യം- ചെറുവാഞ്ചേരി ഡേ കെയര്‍ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം ഒരു വര്‍ഷത്തേക്ക് വാടകക്ക് ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 17ന് ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

ലേലം/ക്വട്ടേഷന്‍

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം കണ്ണൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള റോഡരികിലുള്ള മരം ജനുവരി 11ന് രാവിലെ 11 മണിക്ക് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 12ന് വൈകിട്ട് അഞ്ച് മണി വരെ.

സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ കിടപ്പിലായ കുട്ടികള്‍ക്ക് ആവശ്യമായ വാട്ടര്‍ബെഡ്, തെറാപ്പിമാറ്റ്, ഡയപ്പര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 12 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2707993.

error: Content is protected !!