മണിപ്പൂരിൽ അഞ്ചിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു; തിങ്കളാഴ്ചയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് നാലുപേർ

മണിപ്പൂരിൽ വീണ്ടും സംഘർഷം. തൗബാൽ ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു.14 പേർക്ക് പരുക്കേറ്റു. ലിലോങ് മേഖലയിലാണ് ഇന്നലെ വൈകിട്ട് വെടിവെപ്പ് ഉണ്ടായത്. നാലു വാഹനങ്ങളിലായി പൊലീസ് വേഷത്തിൽ എത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ പ്രദേശവാസികൾ അക്രമികളുടെ വാഹനങ്ങൾ തീയിട്ടു. സംഘർഷം കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ സേനകളെ വിന്യസിച്ചു.

സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ താഴ്‌വര ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് ആവശ്യപ്പെട്ടു. താഴ്‌വര ജില്ലകളായ തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂർ എന്നിവിടങ്ങളിലാണ് വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയത്. ആളുകൾ വീടിന് പുറത്തിറങ്ങരുതെന്ന് കർശന മുന്നറിയിപ്പുണ്ട്. ആരോ​ഗ്യം, മുനിസിപ്പാലിറ്റികൾ, മാധ്യമങ്ങൾ, കോടതികളുടെ പ്രവർത്തനം തുടങ്ങിയ അവശ്യ സേവനങ്ങളെ കർഫ്യൂവിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

വെടിവപ്പിൽ പരുക്കേറ്റവരിൽ ഒരാളുടെ നില ​ഗുരുതരമാണ്. അക്രമികളിൽ ചിലരെ നാട്ടുകാർ പിടികൂടിയെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി ബിരേൻ സിങ് സമാധാനം നിലനിർത്താൻ ആഹ്വാനം ചെയ്തു.ലിലോംഗ് ചിംഗ്‌ജാവോ മേഖലയിൽ പൊലീസ് വേഷം ധരിച്ചെത്തിയ ആയുധധാരികളാണ് പ്രദേശവാസികൾക്ക് നേരെ വെടിയുതിർത്തത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!