ജപ്പാനിലെ ഭൂകമ്പത്തിൽ എട്ട് മരണം; നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കടിയിൽ

ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനങ്ങളിൽ എട്ടുപേർ മരിച്ചു. പുതുവത്സര ദിനത്തിലുണ്ടായ ഭൂചലനങ്ങളിൽ വീടുകള്‍ തകരുകയും തീപ്പിടിത്തമുണ്ടാവുകയും ചെയ്തിട്ടുണ്ട്. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് അഭയാർത്ഥി ക്യാമ്പുകളിലുള്ളത്. സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ തകർന്ന റോഡുകൾ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഇതിനിടെ സുനാമി മുന്നറിയിപ്പ് പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ ആണവ നിലയങ്ങളിൽ ക്രമക്കേടുകൾ സംഭവിച്ചിട്ടില്ലെന്നും ആണവ നിലയങ്ങൾ സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ഹൊക്കുരിക്കു നിലയം പ്രവർത്തനം നിർത്തിയിരിക്കുകയാണ്. പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രവിശ്യയിൽ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ആദ്യ ഭൂചലനത്തിന് പിന്നാലെ 90 തുടർ ചലനങ്ങളാണുണ്ടായത്.

രണ്ട് ദിവസം കൂടി തുടർ ചലനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. നോട്ടോയിൽ അഞ്ച് മീറ്റർ ഉയരത്തിൽ തിരയടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. നൈഗാട്ട, ടൊയാമ മേഖലകളിൽ തുടർചലനമുണ്ടായി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ സ്ഥിതിഗതികൾ വിലയിരുത്തി.

ഭൂചലനത്തിൽ നാശനഷ്ടം സംഭവിച്ച ജപ്പാന് അമേരിക്ക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏറെ ദുഖകരമായ സംഭാവമുണ്ടായതെന്നും പ്പാന് ആവശ്യമായ ഏത് സഹായവും നൽകാൻ അമേരിക്ക തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ‘അടുത്ത സഖ്യകക്ഷികൾ എന്ന നിലയിൽ, അമേരിക്കയും ജപ്പാനും ആഴത്തിലുള്ള സൗഹൃദം പങ്കിടുന്നു. ഈ ദുഷ്‌കരമായ സമയത്ത് അമേരിക്ക ജാപ്പനീസ് ജനതയ്‌ക്കൊപ്പമാണ്,’ എന്ന് ജോ ബൈഡൻ പറഞ്ഞു.

error: Content is protected !!