നവകേരളാ സദസിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവം; ഇടപെട്ട് ഹൈക്കോടതി

നവകേരളാസദസിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. സംഭവത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. കൊല്ലം തലവൂർ സ്വദേശി അർച്ചനയാണ് കോടതിയെ സമീപിച്ചത്.

ഭർത്താവിന്റെ അമ്മയുമൊത്ത് കഴിഞ്ഞ ഡിസംബർ 18നാണ് കൊല്ലം ജംഗ്ഷനിലെത്തുന്ന നവകേരള സദസ് കാണാൻ യുവതി എത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് അർച്ചനയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തു ദിവസത്തിന് ശേഷം വീണ്ടും അർച്ചന നൽകിയ ഹർജി പരിഗണിക്കും.

കസ്റ്റഡിയിലായിരുന്ന ഏഴ് മണിക്കൂർ വലിയ മാനസിക സംഘർഷമാണ് അനുഭവിച്ചതെന്ന് അർച്ചന പറയുന്നു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ അർച്ചന സമീപിച്ചത്. അകാരണമായി പൊലീസ് തടഞ്ഞുവെച്ചതിനാൽ അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

error: Content is protected !!