വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ ബലാത്സംഗത്തിനിരയായെന്ന് പെണ്‍കുട്ടി; ആദ്യ സംഭവമെന്ന് പൊലീസ്

ഓൺലൈൻ ഗെയ്മിനിടയിൽ 16 വയസ്സുള്ള പെൺകുട്ടി വെർച്വൽ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി. യുകെയിലാണ് സംഭവം. ഡിജിറ്റൽ രൂപത്തിലൂടെ വെർച്വൽ റിയാലിറ്റി ഗെയിമില്‍ പങ്കെടുക്കവെ ഗെയിമിലൂടെയാണ് അപരിചിതർ കൂട്ടബലാത്സംഗം ചെയ്തത്. ഇതേ തുടർന്ന് കുട്ടി മാനസികമായി ഏറെ തകർന്നതായി പൊലീസ് പറയുന്നു.

ഒരു വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഗെയിമിൽ എത്തിയപ്പോൾ ഒരു കൂട്ടം പുരുഷന്മാർ ചേർന്ന് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിൽ പറയുന്നത്. പെണ്‍കുട്ടിക്ക് ശാരീരികമായ പരിക്കുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും ശാരീരികമായി പീഡിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അതേ വൈകാരികവും മാനസികവുമായ ആഘാതം തന്നെയാണ് ഈ കുട്ടിയും അനുഭവിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. യുകെയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്.

‘ശാരീരികമായി ആക്രമിക്കപ്പെട്ട ഒരാളുടെ മാനസിക ആഘാതത്തിന് സമാനമായ മാനസിക ആഘാതം ഈ കുട്ടിക്ക് അനുഭവപ്പെട്ടു. ഏത് ശാരീരിക പരിക്കുകളെക്കാളും വൈകാരികവും മാനസികവുമായ ആഘാതം കുട്ടിയുടെ മേലുണ്ട്,’ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. നിലവിൽ ഇത്തരം കേസുകൾക്ക് എതിരായ നിയമങ്ങളില്ലാത്തതിനാൽ ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിരവധി വെല്ലുവിളികൾ ഉയർത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

error: Content is protected !!