തുണികളിൽ ഉപയോഗിക്കുന്ന നിറങ്ങൾ മിഠായികളിൽ ഉപയോഗിക്കുന്നെന്ന് കണ്ടെത്തൽ; ഒരു ലക്ഷം രൂപ പിഴ ചുമത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

തുണിയിൽ മുക്കുന്ന നിറം ഉപയോഗിച്ച് മിഠായി ഉണ്ടാക്കുന്നതായി കണ്ടെത്തി. തിരൂരിലാണ് നേര്‍ച്ച ആഘോഷസ്ഥലത്ത് വില്‍പ്പനയ്ക്കുവെച്ച മിഠായികളില്‍ ആരോഗ്യത്തിന് ഹാനികരമായ നിറം ഉപയോഗിച്ചതായി കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ചോക്ക് മിഠായി നിര്‍മ്മാണകേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് തുണികളില്‍ മുക്കുന്ന റോഡമിന്‍ ബി എന്ന നിറപ്പൊടി പിടികൂടിയത്.

മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ സുജിത്ത് പെരോര, തിരൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എം.എന്‍. ഷംസിയ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എസ്. ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് തിരൂരില്‍ ഇത്തരം മിഠായി നിർമാണ ശാലകളിൽ പരിശോധന നടത്തിയത്. സംഭവത്തിൽ ഒരു ലക്ഷം രൂപ പിഴ ചുമത്തി. കോഴിക്കോട് റീജണല്‍ അനലറ്റിക്കല്‍ ലാബില്‍ സാമ്പിളുകൾ പരിശോധനക്കയച്ചു.

അതേസമയം ഈ നിറം ഉപയോഗിച്ച് മിഠായി നിര്‍മ്മിക്കരുതെന്ന യാതൊരു മുന്നറിയിപ്പും മുൻപ് തന്നിട്ടില്ലെന്നാണ് നിര്‍മ്മാതാക്കള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

error: Content is protected !!