ജെസ്ന തിരോധാനക്കേസ്; അന്വേഷണം അവസാനിപ്പിച്ച് സിബിഐ

ജസ്ന തിരോധാനത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സിബിഐ അറിയിച്ചു. ശാസ്ത്രീയ പരിശോധനകളിലും തുമ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. നിർണയക വിവരങ്ങളൊന്നും ലഭിക്കാതെ അന്വേഷണം മുൻപോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്നും എന്തെങ്കിലും വിവരം ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.

കേസിൽ രണ്ടുപേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇരുവർക്കും ജസ്നയുടെ തിരോധാനത്തില്‍ പങ്കില്ലെന്നാണ് റിപ്പോർട്ട്. ബംഗുളുരു സി എഫ് എസ് എൽ (Central Forensic Science Laboratory) ല്‍ ആയിരുന്നു ശാസ്ത്രീയ പരിശോധന നടത്തിയത്.

കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. ജസ്നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജെസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, കെഎസ്‍യു നേതാവ് അഭിജിത്ത് തുടങ്ങിയവർ നൽകിയ ഹർജിയെ തുടർന്നാണു കേസ് അന്വേഷണം സിബിഐക്ക് വിട്ടത്.

error: Content is protected !!