സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരുടെ നിയമനം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിൽ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും താൽക്കാലിക വിസിമാര്‍ ആണ് ചുമതല വഹിക്കുന്നത്. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ആണ് ഹർജിയിലെ ആക്ഷേപം.

ഗവർണറെ കുറ്റപ്പെടുത്തി ആണ് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയത്. സര്‍വകലാശാല നിയമങ്ങളില്‍ നിയമസഭ ഭേദഗതി വരുത്തി. ഭേദഗതി അനുസരിച്ച് എക്‌സ് ഒഫിഷ്യോ ചാന്‍സലര്‍ ആയ ഗവര്‍ണ്ണര്‍ ആവില്ല പുതിയ ചാന്‍സലര്‍. വൈസ് ചാന്‍സലര്‍മാരുടെ നിയമന അധികാരം ഗവര്‍ണറില്‍ നിന്ന് എടുത്തുകളയുന്നതാണ് നിയമ ഭേദഗതി. എന്നാല്‍ നിയമ ഭേദഗതിക്ക് അംഗീകാരമായിട്ടില്ല. ഇതുകൊണ്ടാണ് തീരുമാനം വൈകുന്നത്. മാത്രമല്ല, ഓരോ വിസിമാരുടെ നിയമന നടപടികളില്‍ സര്‍വകലാശാലകള്‍ക്ക് അനുസരിച്ച് വ്യത്യാസമുണ്ടെന്നും ആണ് അഡ്വക്കറ്റ് ജനറല്‍ നൽകിയ മറുപടി. സാമ്പത്തിക വിദഗ്ധയും യൂണിവേഴ്‌സിറ്റി കോളജ് മുന്‍ പ്രൊഫസറുമായ ഡോ. മേരി ജോര്‍ജ്ജ് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

സ്ഥിരം വൈസ് ചാന്‍സലര്‍മാരുടെ നിയമനം വൈകുന്നത് എന്തുകൊണ്ട് എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. ഇതിലാണ് ഗവര്‍ണ്ണറെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

error: Content is protected !!