ശബരിമലയിലെ തിരക്ക്; അവലോകന യോഗം വിളിച്ച് മുഖ്യമന്ത്രി, നടപടി പ്രശ്നങ്ങൾ ചർച്ചയായതോടെ

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനുളള നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉൾപ്പെടെയുളള മന്ത്രിമാർ പങ്കെടുക്കും. നാളെ രാവിലെ 10ന് കുമളിയിലാണ് യോഗം. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ്‌ പ്രസിഡന്റ്, കമീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. ശബരിമലയിൽ അയ്യപ്പന്മാർ നേരിടുന്ന പ്രശ്നങ്ങൾ വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഭക്തരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ നാളെ യു ഡി എഫ് പ്രതിനിധി സംഘം പമ്പയിൽ എത്തുന്നുണ്ട്.

ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ രാഷ്ട്രീയപ്രേരിതമെന്നാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പട്ടത്. ശബരിമലയിൽ ഇന്ന് തിരക്ക് നിയന്ത്രണ വിധേയമായി. അതേസമയം, നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ പരിമിതമായി നടത്തുന്നത് മൂലം തീർത്ഥാടകർ ദുരിതത്തിലാണ്. ദീർഘമായ ഇടവേളകളിൽ മാത്രമാണ് ചെയിൻ സർവീസുകൾ നടത്തുന്നത്. ശബരിമല തീർത്ഥാടകരോട് സംസ്ഥാന സർക്കാർ ഗുരുതരമായ അനാസ്ഥ കാണിക്കുന്നു എന്ന് ആരോപിച്ച് യുവ മോർച്ചയുടെ നേതൃത്വത്തിൽ നിലയ്ക്കൽ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി.

മണ്ഡലകാലം ആരംഭിച്ച ശേഷം ഇതുവരെ 15, 82,536 പേർ ദർശനം നടത്തി. പാതയിൽ സുരക്ഷ, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി ഡ്യൂട്ടി മജിസ്ട്രേറ്റിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിൽ റവന്യൂ സ്ക്വാഡിനെയും പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾക്കായി 1950 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.

error: Content is protected !!