മോഹന്‍ലാല്‍ ചിത്രം ‘നേരി’ന്റെ റിലീസ് തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഥാകൃത്ത് ദീപക് ഉണ്ണി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സംവിധായകന്‍ ജീത്തു ജോസഫും സഹ തിരക്കഥാകൃത്തും അഭിനേത്രിയുമായ അഡ്വ. ശാന്തിപ്രിയയും ചേര്‍ന്ന് സ്‌ക്രിപ്റ്റ് മോഷ്ടിച്ചുവെന്നാണ് ഹര്‍ജിക്കാരന്റെ ആക്ഷേപം.

തന്റെ കഥയാണ് ജീത്തു ജോസഫ് സിനിമയാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. 49 പേജ് അടങ്ങുന്ന കഥാതന്തു വാങ്ങിയ ശേഷം സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നുമാണ് ഹര്‍ജിയിലെ ആക്ഷേപം. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് കഥാകൃത്ത് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

കോർട്ട് റൂം ഡ്രാമ ഴോണറിലുള്ള നേര് മോഹൻലാലുമായുള്ള ജീത്തുവിന്റെ അഞ്ചാമത്തെ സിനിമയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. പ്രിയമണി, ജഗദീഷ്, അൻശ്വര രാജൻ, ഗണേശ് കുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

error: Content is protected !!